
എവിടെയോ മാഞ്ഞു മറഞ്ഞു
പോയൊരെൻ ബാല്യമേ,
അച്ഛന്റെ സ്നേഹമാം പുഞ്ചിരി
ഇന്നുമെന്നോർമ്മതൻ
താളിൽ മറിഞ്ഞീടുമ്പോൾ,
കൊച്ചുപാവാട ധരിച്ചു ഞാനച്ഛന്റെ
ചൂണ്ടുവിരൽ പിടിച്ച് ഒറ്റയടിപ്പാതയിലെ
വയൽ വരമ്പിൽ നടന്നീടുമ്പോൾ
മഞ്ഞു പൊഴിയുന്ന പുലർകാല വേളയിൽ
പുലർകാറ്റ് മെല്ലെത്തലോടി എത്തുന്ന നേരം
നെറ്റിയിൽ വീണ് കിടക്കുന്ന വാർമുടി
മെല്ലെയൊതുക്കി ഞാൻ നീങ്ങിടുമ്പോൾ,
ഞാനോർത്തുപോയ് നീലാംബരത്തിൽ
നിരയായ് പറന്നുപോമൊരു
പക്ഷിയായ് ഞാൻ പാറിയെങ്കിലോ...
കോട്ടിയ പ്ലാവിലക്കുമ്പിളിൽ പാൽക്കഞ്ഞി
കോരിക്കുടിക്കുന്ന കർഷകക്കൂട്ടവും,
ചാറ്റൽമഴ പൊഴിയുമാ നേരത്ത്
വാഴയിലകൊണ്ട് ശിരസ് മറയ്ക്കും ഞാൻ.
കാറ്റും നീർച്ചാലും കാറ്റത്തുലഞ്ഞാടി
നിൽക്കുന്ന നെൽക്കതിർക്കൂട്ടവും
ഇന്ന് നമുക്കന്യമല്ലേ?
കാലങ്ങൾ മാറുന്നു, ഇലകൾ കൊഴിയുന്നു
കാലഭേദങ്ങളും മാറുന്ന നേരം
ഓർത്തോർത്തു ഞാൻ നിന്നുപോയ്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
