SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.26 AM IST

സർക്കാരിന്റെ വാക്ക് പാഴായി ; വിനോദിന്റെ ജീവിതം വഴിമുട്ടി

sd

ആലപ്പുഴ: രോഗങ്ങൾ കീഴടക്കിയ വിനോദിന് ജീവിതമാർഗമൊരുക്കുന്നതിന് സർക്കാർ നൽകിയ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് പരാതി. വ‌ൃക്ക രോഗിയും രോഗാവസ്ഥ കാരണം കാഴ്ചശക്തി പൂർണമായി നഷ്ടപ്പെടുകയും ചെയ്ത അറവുകാട് വിനോദ് ഭവനിൽ വിനോദ് കുമാറിന് (58) ഒന്നേകാൽ വർഷം മുമ്പ് നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി സജി ചെറിയാനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയത്. മുപ്പത് ദിവസത്തിനകം ഉത്തരവ് നടപ്പാക്കാൻ ആശുപത്രി സൂപ്രണ്ടിനെ രേഖാമൂലം ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ,​ നാളിതുവരെ നിർദ്ദേശം പാലിക്കപ്പെട്ടില്ല. ഇതോടെ യാതൊരു വരുമാന മാർഗവുമില്ലാതെ കുടുംബം തീരാദുരിതത്തിലാണ്. ബസ് ഡ്രൈവറായിരുന്ന വിനോദിന് പതിനഞ്ച് വർഷം മുമ്പാണ് വൃക്ക രോഗം ബാധിച്ചത്. രോഗം മൂർച്ഛിച്ചതോടെ ജോലിക്ക് പോകാനാവാത്ത സ്ഥിതിയായി. ഇതോടെ ഭാര്യ രമ്യക്കൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം ചായക്കട നടത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതോടെ കടയും ഇല്ലാതായി. ഇതിനിടെ രോഗം മൂർച്ഛിച്ച് വിനോദിന് കാഴ്ച പൂർണമായി നഷ്ടപ്പെട്ടു.

എം.എൽ.എയ്ക്കെതിരെ കുടുംബം

മുപ്പത് ദിവസത്തിനകം കട ആരംഭിക്കാനാകുമെന്ന മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് വിനോദും ഭാര്യ രമ്യയും കടം വാങ്ങി ഇരുപത്തി അയ്യായിരം രൂപ വിലയുള്ള കോഫി വെൻഡിംഗ് മെഷീൻ വാങ്ങി. ഉറപ്പ് പാലിക്കാതായതോടെ അഞ്ച് തവണ സ്ഥലം എം.എൽ.എയുടെ വീട്ടിൽ പോയി സഹായം തേടിയതായി രമ്യ പറഞ്ഞു. ആശുപത്രി വികസന സമിതിയാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്ന മറുപടിയാണ് പലകുറി ലഭിച്ചതെന്ന് കുടുംബം പറയുന്നു. ആഴ്ചയിൽ രണ്ട് തവണ വിനോദിനെ ഡയാലിസിസിന് കൊണ്ടുപോകാനുള്ള ഇരുന്നൂറ്റി അമ്പത് രൂപയ്ക്ക് പോലും താൻ സഹായം തേടേണ്ട അവസ്ഥയിലാണെന്ന് രമ്യ പറഞ്ഞു. പല മരുന്നുകളും ആശുപത്രിയിൽ ലഭിക്കാത്തത് സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. മന്ത്രി രേഖാമൂലം എഴുതി നൽകിയിട്ട് പോലും തങ്ങൾക്ക് മുന്നിൽ വാതിലുകൾ അടഞ്ഞുകിടക്കുകയാണെന്ന് രമ്യ കണ്ണീരോടെ പറഞ്ഞു. എൺപത് വയസ്സുള്ള അമ്മ ശാന്തമ്മയും പ്ലസ് ടു പാസായ മകൻ അഭിഷേകുമടങ്ങിയതാണ് കുടുംബം. വരുമാനം ഇല്ലാത്തതിനാൽ മകന്റെ തുടർവിദ്യാഭ്യാസം മുടങ്ങി. രോഗാവസ്ഥയിൽ തകർന്ന വീട്ടിൽ വിനോദിനെ താമസിപ്പിക്കുന്നതിലെ പ്രതിസന്ധി തിരിച്ചറിഞ്ഞ ബന്ധുക്കളും സുമനസുകളും ചേർന്ന് ഒരു വീട് പണിത് നൽകിയതാണ് ഏക ആശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL