ആലപ്പുഴ : മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ച ആദ്യ, പുണ്യ നെൽവിത്തിനങ്ങൾ കർഷകരിലെത്താൻ വൈകും. കഴിഞ്ഞവർഷം ഇരുവിത്തുകൾക്കുമായി വിജ്ഞാപന നടപടികൾ ആരംഭിച്ചതെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളിൽ നടപടികൾ വൈകിയതാണ് തടസമായത്. വിജ്ഞാപനം പൂർത്തിയാക്കി അംഗീകൃത ഏജൻസികൾക്ക് വിത്ത് കൈമാറിയാലേ കർഷകർക്ക് ആവശ്യമായത്ര വിത്ത് ഉൽപ്പാദനം സാദ്ധ്യമാകൂ.
ഇരുപ്പൂകൃഷി നടക്കുന്ന കുട്ടനാട്ടിൽ ജൂണിലാരംഭിക്കുന്ന രണ്ടാം കൃഷിയ്ക്കും നവംബർ അവസാനം ആരംഭിക്കുന്ന പുഞ്ചകൃഷിയ്ക്കുമായി 37ലക്ഷം കിലോ നെൽവിത്താണ് വേണ്ടിവരുന്നത്. അത്യുൽപ്പാദനവും രോഗപ്രതിരോധവും വെള്ളപ്പൊക്ക അതിജീവനശേഷിയുമുള്ള രണ്ട് വിത്തിനങ്ങളും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ 2024ൽ വികസിപ്പിച്ചിരുന്നതാണെങ്കിലും ഉൽപ്പാദനത്തിലെ കാലതാമസമാണ് കർഷകരുടെ കരങ്ങളിലെത്തുന്നത് വൈകാൻ കാരണം.
കുട്ടനാട് ഉൾപ്പെടെ കേരളത്തിൽ സർവസാധാരണമായ ഇരുപ്പൂ കൃഷികൾക്ക് തികച്ചും അനുയോജ്യമാണ് രണ്ട് വിത്തുകളും. എത്രശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുവീഴില്ല. ദിവസങ്ങളോളം വെള്ളത്തിൽ കിടന്നാലും കിളിർക്കില്ല. ഉമ, പൗർണമി വിത്തുകളേക്കാൾ പുണ്യയ്ക്ക് മൂപ്പും കുറവാണ്. ചാഴി ഉൾപ്പെടെയുള്ള കീടങ്ങളെയും ബ്ളാസ്റ്റ് പോലുള്ള രോഗങ്ങളെയും തരണം ചെയ്യാനും ഇവയ്ക്ക് ശേഷിയുണ്ട്. നെൽവിത്ത് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായിരുന്നു ഡോ. ലീലാകുമാരിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
1. വിത്ത് ഉത്പാദനത്തിനുള്ള വിജ്ഞാപന നടപടികളിലും വിപുലമായ തോതിൽ വിത്ത് ഉൽപ്പാദിപ്പിക്കുന്നതിന് സർട്ടിഫൈഡ് ഏജൻസികളെ നിയോഗിക്കുന്നതിലുണ്ടായ കാലതാമസമാണ് നെല്ലിനങ്ങൾ കർഷകിലേക്കെത്താൻ വൈകിപ്പിച്ചത്
2. ഈർപ്പത്തിന്റെയും കറവലിന്റെയും പ്രശ്നങ്ങളെയും കീടരോഗങ്ങളെയും അതിജീവിക്കുമെന്നതാണ് ആദ്യയുടെയും പുണ്യയുടെയും നേട്ടം. ആഴ്ചകളോളം വെള്ളത്തിനടിയിൽ കിടന്നാലും വെള്ളം പിടിക്കാത്ത നെല്ലിനങ്ങളാണിത്
3. അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങൾ പതിനെട്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് വികസിപ്പിച്ചത്. പരമ്പരാഗത നെല്ലിനങ്ങളുടെ സംയോജനത്തിലാണ് 'പുണ്യ'യുടെയും 'ആദ്യ'യുടെയും പിറവി
പുണ്യ
മൂപ്പ് ....105 ദിവസം
ഉമയുടെയും ജ്യോതിയുടെയും സംയോജനം
ജ്യോതിയുടെ രുചി
നീണ്ട ഉണ്ടയരി
വൈക്കോലിലും നേട്ടം
....................
ആദ്യ
മൂപ്പ് ...............125 ദിവസം
കേരളത്തിൽ വികസിപ്പിച്ച ആദ്യ വെള്ളയരി.
പരമ്പരാഗത ഇനമായ തവളക്കണ്ണന്റെയും ഉമയുടെയും സംയോജനം.
വെളുത്ത വടി അരി
വെള്ളപ്പൊക്ക അതിജീവനശേഷി
വിളവിലും വെല്ലും 'ആദ്യ'
കായൽ നിലങ്ങളും കരിനിലങ്ങളും നിറഞ്ഞ കുട്ടനാട്ടിൽ കൃഷിയ്ക്ക് ഉത്തമമായ 'ആദ്യ! വിളവിലും മുന്നിലാണെന്നാണ് ഗവേഷണ ഫലം. ഹെക്ടറിന് 7000 കിലോ ഗ്രാം ആണ് ആദ്യയുടെ വിളവ്.
രണ്ട് വർഷം മുമ്പ് ഉത്പാദിപ്പിച്ച വിത്തിനങ്ങൾ നടപടികൾ പൂർത്തിയാക്കി കർഷകർക്ക് ലഭ്യമാക്കാൻ സാധിക്കാത്തത് പ്രതിഷേധാർഹമാണ്. കാർഷിക മേഖലയോടുളള അവഗണനയ്ക്ക് തെളിവാണിത്
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |