
ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിന്റെ ഭാഗമായി പി.എസ്.സി വഴി നിയമിതരായ എൽ.പി എസ്.ടി.എ അദ്ധ്യാപകരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ചു. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പ്രതിഷേധത്തെത്തുടർന്നാണ് നടപടി മരവിപ്പിച്ചത്. അദ്ധ്യാപക, വിദ്യാർത്ഥി അനുപാതം കണക്കിലെടുത്താണ് വിദ്യാർത്ഥികൾ കുറവുള്ള സ്കൂളുകളിലെ ജൂനിയർ അദ്ധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് ഇറക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ഓർഡർ ഇറങ്ങിയത്. ജില്ലയിലെ വിദ്യാർത്ഥികൾ കുറവുള്ള സ്കൂളുകളിലെ 48 സീനിയർ അദ്ധ്യാപകരെ പുനർവിന്യസിപ്പിച്ചപ്പോഴാണ് ജൂനിയർ അദ്ധ്യാപകരായ 32 പേരുടെ ജോലി നഷ്ടമായത്. കഴിഞ്ഞ വർഷം ജൂണിൽ സർവീസിൽ കയറിയവരാണിവർ. എന്നാൽ ബി.ആർ.സികൾ, മറ്റുജില്ലകളിൽ ഒഴിവുള്ള തസ്തികകൾ, പ്രമോഷൻ വരുമ്പോൾ ഉണ്ടാവുന്ന ഒഴിവുകൾ എന്നിവിടങ്ങലിലേക്ക് ഇവരെ നിയമിക്കാമെന്നിരിക്കെയാണ് രാത്രി ഇവരെ പിരിച്ചുവിട്ടുവെന്ന് കാട്ടി ഉത്തരവിറക്കിയത്. സ്കൂളുകളിൽ 30 കുട്ടികൾക്ക് ഒരു അദ്ധ്യാപികയും 31 കുട്ടികളുണ്ടെങ്കിൽ രണ്ട് അദ്ധ്യാപികയും എന്നാണ് അനുപാതം. നിലവിൽ കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടക്കുന്നതിനാൽ പ്രൊമോഷൻ ഉത്തരവ് ഇറങ്ങിയിട്ടില്ല. സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി ട്രാൻസ്ഫർ ഉത്തരവും വന്നിട്ടില്ലെന്നും അദ്ധ്യാപകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |