
തുറവൂർ: വർഷങ്ങളായി തകർന്നു കിടന്നിരുന്ന തുറവൂർ–കുമ്പളങ്ങി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി. കഴിഞ്ഞ ദിവസം മുതൽ റോഡിൽ ടാറിംഗ് പുനരാരംഭിച്ചതോടെ ഏറെ നാളായി ദുരിതമനുഭവിച്ചിരുന്ന യാത്രക്കാർക്ക് ആശ്വാസമായി. റോഡിന്റെ സമഗ്ര നവീകരണത്തിനായി സർക്കാർ ആകെ 36 കോടി രൂപ അനുവദിച്ചിരുന്നു. ആദ്യം 30 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഇത്രയും തുകകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറുകോടി രൂപ കൂടി അനുവദിക്കുകയായിരുന്നു. തുടർന്ന് തുറവൂർ മുതൽ കുമ്പളങ്ങി വരെയുള്ള റോഡ് നവീകരണത്തിന് കരാർ നൽകിയെങ്കിലും പ്രവൃത്തികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ല.
നിലവിൽ ടാറിംഗ് എഴുപുന്ന വട്ടക്കാൽമുക്ക് വരെ മാത്രമാണ് എത്തിയിരുന്നത്. തുടർന്ന് നിർമ്മാണം വീണ്ടും നിലച്ചെങ്കിലും കഴിഞ്ഞ ദിവസം മുതൽ വട്ടക്കാൽമുക്കിൽ നിന്ന് ടാറിംഗ് പുനരാരംഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ തുറവൂർ വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് റോഡിന്റെ ബാക്കി അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കും. 36 കോടി രൂപ അനുവദിച്ചിട്ടും നവീകരണ പ്രവർത്തനങ്ങൾ വർഷങ്ങളോളം വൈകിയതിൽ നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇപ്പോൾ ടാറിംഗ് വീണ്ടും ആരംഭിച്ചതോടെ ദീർഘകാലമായി ദുരിതത്തിലായിരുന്ന തുറവൂർ–കുമ്പളങ്ങി റോഡിന് ഒടുവിൽ ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
....................
# ഫലംകണ്ട് ജനങ്ങളുടെ പ്രതിഷേധം
പൂർണമായും തകർന്ന ഭാഗങ്ങളിൽ ആദ്യം മെറ്റിൽക്കൊണ്ട് കുഴികൾ മൂടുകയായിരുന്നു
തുടർന്ന് കുമ്പളങ്ങി മുതൽ എഴുപുന്ന പാറയ്ക്കൽ വരെ ടാറിംഗ് നടത്തിയിരുന്നു
പിന്നീട് ടാർ ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിർമാണം നിറുത്തിവെക്കുകയായിരുന്നു
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വീണ്ടും ആരംഭിച്ച പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |