
ആലപ്പുഴ: നവീകരണത്തിന്റെ ഭാഗമായി മാസങ്ങളായി അടച്ചിട്ടിരുന്ന റെയിൽവേ സ്റ്റേഷൻ വീണ്ടും തുറന്നുകൊടുത്തപ്പോൾ, റെയിൽവേയും ആർ.പി.എഫും ചേർന്ന് സ്വകാര്യ ബസുകളെ വിലക്കിയ സംഭവത്തിന് ചർച്ചയിലൂടെ പരിഹാരം.
യാത്രക്കാരുടെയും ബസ് ഉടമകളുടെയും പ്രതിഷേധങ്ങൾക്കൊടുവിൽ ബസുടകളും ആർ.പി.എഫും റെയിൽവേ സ്റ്റേഷൻ മാനേജരുമായി നടത്തിയ ചർച്ചയിലാണ് സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ഇതോടെ, റെയിൽവേ സ്റ്റേഷനിൽ കയറുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഉണ്ടായ അനിശ്ചിതത്വം നീങ്ങി. സ്വകാര്യബസുകൾ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തും. കഴിഞ്ഞ മൂന്ന് മാസക്കാലമായി റെയിൽവേ സ്റ്റേഷനും റോഡും നവീകരിക്കുന്നതിന്റെ പേരിൽ ബസുകൾക്ക് പ്രവേശനം ഇല്ലായിരുന്നു. രണ്ടുദിവസങ്ങൾക്കുമുമ്പാണ് നവീകരണം കഴിഞ്ഞ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.
എന്നാൽ, റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച് പതിവുപോലെ യാത്രക്കാരുമായെത്തിയ ബസ് ജീവനക്കാരോട് യാത്രക്കാരെ ഇറക്കിയശേഷം ബസ് റെയിൽവേ സ്റ്റേഷന് മുന്നിലെ പഴയ സ്റ്റാന്റ് പോലെ പ്രവർത്തിച്ച ഭാഗത്ത് പാർക്ക് ചെയ്യാൻ പാടില്ലെന്ന് ആർ.പി.എഫുകാർ അറിയിച്ചു. യാത്രക്കാരെ ഇറക്കിയശേഷം മറ്രെവിടെയെങ്കിലും പാർക്ക് ചെയ്തശേഷം സമയം ആകുമ്പോൾ വീണ്ടുമെത്തി കയറ്റിപോകാനായിരുന്നു നിർദേശം. ബസ് തിരിക്കാനും പാർക്കിംഗിനും സൗകര്യ പ്രദമായ സ്ഥലമില്ലാത്തത് ജീവനക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ആർ.പി.എഫ് വഴങ്ങിയില്ല. നിർദേശം പാലിക്കാൻ തയ്യാറാകാതെ വന്നാൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ആർ.പി.എഫ്, ബസ് ജീവനക്കാരുടെയും ബസുകളുടെയും ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. ഇതോടെ നിയമ നടപടികൾ ഭയന്ന് ബസ് ജീവനക്കാർ റെയിൽവേ സ്റ്റേഷൻ സർവീസ് കടപ്പുറം റെയിൽവേ ഗേറ്റ് വരെയാക്കി പരിമിതപ്പെടുത്തുകയായിരുന്നു.
ചർച്ചയിലൂടെ പരിഹാരം
1.റോഡ് തുറന്നിട്ടും വിലക്ക് കാരണം റെയിൽവേസ്റ്റേഷനിൽ എത്താൻ ബസുകൾക്ക് കഴിയാത്തത് യാത്രക്കാരുടെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബസുകൾ മുമ്പ് പാർക്ക് ചെയ്തിരുന്ന സ്ഥലം സ്റ്റേഷന്റെ പേ ആന്റ് പാർക്കും ഓട്ടോ സ്റ്റാന്റുമായി വിപുലപ്പെടുത്തിയതോടെ യാത്രക്കാരുടെയും ബസുടമകളുടെയും പ്രതിഷേധം ശക്തമായി
2.എന്നാൽ, ഇന്നലെ നടന്ന ചർച്ചയിൽ സ്വകാര്യ ബസുകൾ റെയിൽവേ സ്‌റ്റേഷന് മുൻവശം എത്തി, സ്‌റ്റേഷൻ കവാടത്തിന്റെ തെക്ക് കിഴക്കായി നിർദ്ദിഷ്ടസ്ഥാനത്ത് പാർക്ക് ചെയ്ത് യാത്രക്കാരെ ഇറക്കണം.തുടർന്ന് തെക്കോട്ട് ചെന്ന് തിരിഞ്ഞ് സമയക്രമവും നിയമങ്ങളും പാലിച്ച് നിർദ്ദിഷ്ട സ്ഥാനത്തുവന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരാം
3. റെയിൽവേയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ മാനേജർ ശ്യാംകുമാർ, റെയിൽവേ പ്രൊട്ടക്ഷൻ സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ്, റെയിൽവേ സ്റ്റേഷൻ വാർഡ് മുനിസിപ്പൽ കൗൺസിലർ ടി.ആർ. രാജേഷ്, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ.) പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ, ജോയിന്റ് സെക്രട്ടറി ബിജു ദേവിക, ടി.പി. ഷാജിലാൽ, സുനീർ ഫിർദോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |