അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം കടുത്ത പ്രതിസന്ധിയിൽ. ആവശ്യത്തിന്
അദ്ധ്യാപകരും ജീവനക്കാരുമില്ലാത്തതാണ് കാരണം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് പ്രൊഫസർ തസ്തിക ഒഴിഞ്ഞത്. അസോസിയേറ്റ് പ്രൊഫസർ ഇല്ലാതായിട്ട് ഒരു വർഷവും, രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തിക രണ്ടു വർഷമായിട്ടും ഒഴിഞ്ഞുകിടക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ നിയമിച്ച നാല് സീനിയർ റസിഡന്റ് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് റേഡിയോ ഡയഗ്നോസിസ് വിഭാഗം നിലവിൽ തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്നത്. രണ്ടാഴ്ചക്കകം ഇവരിൽ രണ്ടുപേരുടെ കാലാവധി അവസാനിക്കും.
റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ പ്രതിസന്ധി നിർധന രോഗികളുടെ ചികിത്സയെ തന്നെ ബാധിച്ചിട്ടുണ്ട്. സി.ടി, എം. ആർ.ഐ സ്കാനിംഗ് തുടങ്ങിയ പരിശോധനകൾക്ക് ഒന്നര, രണ്ടു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ടെസ്റ്റ് കഴിഞ്ഞാലും ഫലം ലഭിക്കാൻ മൂന്ന് ആഴ്ച വരെ കാത്തിരിക്കണം.
പരിശോധനകൾക്ക് കാത്തിരിക്കണം
ഡോപ്ലർ സ്കാൻ - അൾട്രാസൗണ്ട് (രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ വേഗതയും ദിശയും അളക്കാൻ ഉപയോഗിക്കുന്ന വൈദ്യപരിശോധന) സ്കാൻ എന്നിവയ്‌ക്ക് ഒരു വർഷം വരെ കാത്തിരിക്കണം
കാരുണ്യ തുടങ്ങിയ സർക്കാർ ഇൻഷുറൻസുളള നിർധന രോഗികളും ബി.പി.എൽ കാർഡുള്ള രോഗികളുമാണ് ഇവിടെ പരിശോധനകൾക്കായി കാത്തിരിക്കുന്നത്. അവരുടെ രോഗനിർണയവും ചികിത്സയുമാണ് വൈകുന്നത്
പണമുള്ളവർ പുറത്തെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും പോയി പരിശോധനയും ചികിത്സയും തേടുമ്പോൾ, ജില്ലയുടെ നാനാഭാഗത്ത് നിന്നുള്ള പാവപ്പെട്ട രോഗികൾ ഇവിടെ ദിവസമെണ്ണി കാത്തിരിക്കുകയാണ്
റേഡിയോ ഡയഗ്നോസിസ് വിഭാഗം വളരെ ഗുരുതരമായ സ്ഥിതിയിലായിട്ടും നടപടി ഉണ്ടാകാത്തത് പാവപ്പെട്ടവരോടുള്ള അവഗണനയാണ്. എത്രയും വേഗം ഒഴിവുകൾ നികത്തി കാര്യക്ഷമമാക്കണം
- വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |