മൂവാറ്റുപുഴ: പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഉച്ചകഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രം. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടിലായി. ജനറൽ ഒ.പി വിഭാഗം ഉച്ചയ്ക്ക് 1 മണിയോടെ പ്രവർത്തനം അവസാനിക്കും. തുടർന്ന് എത്തുന്ന രോഗികൾ ആശ്രയിക്കുന്നത് അത്യാഹിത വിഭാഗത്തെയാണ്. എട്ടു മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. ഇതോടെ ഡോക്ടറെ കാണാൻ രോഗികൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരും. ഇതിനിടെ അപകടങ്ങളിൽപ്പെട്ടവരെയും ഗുരുതരാവസ്ഥയിലുള്ളവരെയും പരിശോധിക്കേണ്ട ചുമതലയും ഈ ഡോക്ടർക്കായിരിക്കും. കാത്തിരുന്ന് മടുക്കുമ്പോൾ പല രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ പലരും സാമ്പത്തിക നഷ്ടം സഹിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. കൂടുതൽ ഡോക്ടർമാരെയോ ഹൗസ് സർജൻസിക്ക് വന്നിട്ടുള്ളവരെയോ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |