നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്തിന് പിന്നാലെ എട്ടാം വാർഡിലെ കപ്രശേരിയിലും പുലിയെ കണ്ടെന്ന പ്രചാരണം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ പുലർച്ചെ 1.15ഓടെ കപ്രശേരി വെളിയത്ത് മോഹനന്റെ വീട്ടിൽ ലോകകപ്പ് ഫുട്ബാൾ കാണാൻ മുകൾനിലയിലെ ഹാളിലേക്ക് കയറുന്നതിനിടെ കൊച്ചുമകൻ ശ്രീഹരിയും സുഹൃത്ത് അനന്ദുവും പുലി ചാടിവീണതായി പറഞ്ഞു.
ചാടുന്നതിനിടെ നിയന്ത്രണം വിട്ട് കൃഷിയിടത്തിൽ വീണ പുലി മതിൽ ചാടി കാടുമൂടിയ പറമ്പിലൂടെ ഓടിമറഞ്ഞു. പുലി ചാടിവീണപ്പോൾ പതിഞ്ഞ പാടുകളും താഴെ വീണപ്പോഴുണ്ടായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അനന്ദുവും ശ്രീഹരിയും ഭയന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി നടത്തിയ പരിശോധനയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന പാടുകൾ കണ്ടത്.
അയൽവാസി വടക്കുഞ്ചേരി അഖിൽ ദേവസിയുടെ വളർത്തുനായ ആക്രമിക്കപ്പെട്ടതായും സംശയമുണ്ട്. കൂട്ടിലായിരുന്ന നായയുടെ രോമങ്ങൾ മുറിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞെത്തിയ മലയാറ്റൂർ ആർ.ആർ.ടി ബി.എഫ്.ഒമാരായ സനൽ ശേഖർ, വിനയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നായയുള്ള വീടിന് മുന്നിലെ ജാതിത്തോട്ടത്തിലും മോഹനന്റെ വീടിന് മുന്നിലും സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.
കഴിഞ്ഞ 12ന് രാവിലെ തുരുത്ത് കുണ്ടൂർ തോടിന് സമീപം കൊമ്പത്ത് വീട്ടിൽ അയ്യപ്പൻകുട്ടിയും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മൃഗത്തിന്റേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലാണ് മൂന്ന് കിലോമീറ്റർ അകലെയുള്ള കപ്രശേരിയിലും പുലിയെ കണ്ടതായി റിപ്പോർട്ട് വന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി, വൈസ് പ്രസിഡന്റ് സജീന സുബൈർ, പഞ്ചായത്ത്അംഗങ്ങളായ ആർ. സുനിൽകുമാർ, ഹുസൈൻ കല്ലറക്കൽ, സി. പുഷ്പൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |