പറവൂർ: താന്ത്രിക വിധികളിലും പൂജാകർമ്മങ്ങളിലും ജ്യോതിശാസ്ത്രത്തിലും അത്യഗാധമായ അറിവുണ്ടായിരുന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു കെ.കെ. അനിരുദ്ധൻ തന്ത്രിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മടപ്ളാതുരുത്ത് ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠത്തിൽ നടന്ന കെ.കെ. അനിരുദ്ധൻ തന്ത്രി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു പ്രശ്നങ്ങളുണ്ടായാലും അത് മറികടക്കാനാവുമെന്ന അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് താന്ത്രിക കർമ്മങ്ങൾ അനിരുദ്ധൻ തന്ത്രി നിർവഹിച്ചത്. അത്രയും വലിയ വിശ്വാസത്തിന്റെ കാതലുണ്ടായിരുന്നു അദ്ദേഹത്തിന്. എല്ലാത്തിലും ഉപരിയായി അത്യഗാധമായ അറിവാണ് അനിരുദ്ധൻ തന്ത്രിയെ കൂടുതൽ വിനയാന്വിതനാക്കിയത്. നേരിൽ കാണുമ്പോഴും ഫോണിൽ വിളിക്കുമ്പോഴുമെല്ലാം പറയുന്ന ഒരോ വാക്കും മകനെ പോലെ ചേർത്ത് പിടിക്കുന്നതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു അദ്ധ്യക്ഷനായി. മുൻമന്ത്രി എസ്. ശർമ്മ, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, വിദ്യാപീഠം പ്രസിഡന്റ് എം.സി. സാബു ശാന്തി, അഡ്വ. ടി.ആർ. രാമനാഥൻ, ശ്രീനിവാസൻ പോറ്റി, കെ.കെ. ശശിധരൻ തന്ത്രി, മൂത്തകുന്നം മോഹനൻ തന്ത്രി, എൻ.കെ. സുഗതൻ തന്ത്രി, വേണുഗോപാലൻ തന്ത്രി, പി.എസ്. ജയരാജ്, പറവൂർ ജ്യോതിസ്, പി.ആർ. സൈജൻ, അഖിൽ വാവച്ചൻ, ദിവ്യ സനിൽകുമാർ, ഐ.വി. ജഗദീഷ്, കെ.പി. സജീവ്, വി.ജി. മിഥുൻലാൽ ശാന്തി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |