
കൊച്ചി: നവീകരിക്കുന്ന ദേശീയപാത 66ന്റെ ഇടപ്പള്ളി - മൂത്തകുന്നം ഭാഗത്തെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ 22.43 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. പാതയ്ക്ക് പുറത്തേക്ക് വെള്ളം ഒഴുക്കിക്കളയാനുള്ള ഡ്രെയിനേജ് പദ്ധതിക്ക് ദേശീയപാത അതോറിട്ടി അംഗീകാരം നൽകി.
ഹൈബി ഈഡൻ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. മൂടിപ്പോയതോ ഇല്ലാതായതോ ആയ ഡ്രെയിനേജ് ഔട്ട്ലെറ്റുകൾ പുനഃസ്ഥാപിക്കുക, സർവീസ് റോഡുകൾക്കൊപ്പമായി പുതിയ ഡ്രെയിനേജ് ശൃംഖല എന്നിവയ്ക്കായാണ് ഫണ്ട്.
ഇടപ്പള്ളി വരെ ദേശീയപാത നിർമ്മാണം തുടരുന്ന വിവിധ പ്രദേശങ്ങളിൽ, പ്രദേശവാസികളും ജനപ്രതിനിധികളും ഉന്നയിച്ച വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഹൈബിഈഡൻ എം.പി ദേശീയപാത അതോറിട്ടിക്ക് കൈമാറിയിരുന്നു. തദ്ദേശസ്ഥാപനങ്ങൾ, കളക്ടറേറ്റ് എന്നിവയുമായി ബന്ധപ്പെട്ടും ഇടപെടലുകൾ നടത്തി. തുടർന്ന് ഫയൽ ദേശീയപാതാ അതോറിട്ടിയുടെ ഡൽഹി ഓഫീസിന് കൈമാറി. തുടർന്നാണ് തുക അനുവദിച്ചത്.
കൊടുങ്ങല്ലൂർ - ഇടപ്പള്ളി ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും തയ്യാറാക്കിയ എസ്റ്റിമേറ്റുകൾ പരിശോധിച്ചാണ് ദേശീയപാത അതോറിട്ടിയുടെ ഡൽഹി ഓഫീസ് നടപടി സ്വീകരിച്ചത്.
നിർമ്മാണത്തിന് സജ്ജം
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഫണ്ട് വിനിയോഗം സുഗമമാക്കാനും ആവശ്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിർമ്മാണത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറുടെ വിവരങ്ങളും എത്രയും വേഗം ലഭ്യമാക്കാൻ ജില്ലാ കളക്ടറോട് അതോറിട്ടി ആവശ്യപ്പെട്ടു. ഫണ്ട് ലഭിക്കുന്ന ക്രമത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
പ്രവൃത്തികൾ, തുക
കൊച്ചി കോർപ്പറേഷൻ: 1,00,00,000
പറവൂർ മുനിസിപ്പാലിറ്റി: 7,58,19,939
വരാപ്പുഴ പഞ്ചായത്ത് ഒന്നാംഭാഗം: 1,96,15,240
വരാപ്പുഴ പഞ്ചായത്ത് രണ്ടാംഭാഗം: 6,23,01,701
ചിറ്റാറ്റുകര പഞ്ചായത്ത്: 5,66,51,151
തുടർച്ചയായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിന് ഡ്രെയിനേജ് പ്രവൃത്തികളുടെ വേഗത്തിലുള്ള പൂർത്തീകരണം അത്യന്താപേക്ഷിതമാണ്.
ഹൈബി ഈഡൻ എം.പി
• 26 കിലോമീറ്റർ
ഇടപ്പള്ളി–മൂത്തകുന്നം ഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |