SignIn
Kerala Kaumudi Online
Sunday, 19 July 2026 3.59 AM IST

പൊലീസുകാരനായ മകൻ വായ്പ തിരിച്ചടച്ചില്ല; വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്തു

japthiyaya-veedu

കൂത്താട്ടുകുളം: പൊലീസ് ഉദ്യോഗസ്ഥനായ മകൻ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികളുടെ വീട് ബാങ്ക് ജപ്തി ചെയ്തു. കൂത്താട്ടുകുളം സ്വദേശികളായ ഗോപാലൻ (73), ഭാര്യ കുഞ്ഞമ്മ (71) എന്നിവരാണ് വീട് നഷ്ടപ്പെട്ട് ദുരിതത്തിലായത്. 2007ലാണ് മകന്റെ പേരിൽ ഒൻപത് സെന്റ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചത്.

​അക്കാലത്ത് യാതൊരുവിധ ബാദ്ധ്യതകളുമില്ലാതെയാണ് ഇവർ താമസിച്ചിരുന്നത്. ​എന്നാൽ, മാതാപിതാക്കൾ അറിയാതെ മകൻ ഈ സ്ഥലത്തിന്മേൽ ബാങ്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്പയെടുക്കുകയായിരുന്നു. ​പലിശ ഉൾപ്പെടെ വായ്പാ കുടിശിക 40 ലക്ഷം രൂപയായി വർദ്ധിച്ചു.

2022ന് ശേഷം മകൻ വീട്ടിലേക്ക് വന്നിട്ടില്ല. ​വീട് ജപ്തി ചെയ്യപ്പെട്ടതോടെ, നാട്ടുകാർ വാടകയ്ക്ക് എടുത്തു നൽകിയ വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ​വീടിന് സമീപത്തുള്ള പെട്ടിക്കടയിൽ പലചരക്കും ചായയും വിറ്റാണ് ഈ ദമ്പതികൾ ഉപജീവനം നടത്തുന്നത്. ​സാമ്പത്തിക ശേഷിയില്ലാത്ത ഇവർക്ക് നാട്ടുകാരുടെ ചെറിയ സഹായങ്ങളാണ് ഏക ആശ്വാസം.

​നേരത്തെ ആർ.ഡി.ഒയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചെലവിനായി പണം നൽകണമെന്ന് മകൻ സമ്മതിച്ചെങ്കിലും ഒരു വർഷമായിട്ടും ആ സഹായം ലഭിച്ചിട്ടില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ഇടപെട്ട് മന്ത്രി അനൂപ് ജേക്കബ്

​സംഭവത്തിൽ ഇടപെട്ട് മന്ത്രി അഡ്വ. അനൂപ് ജേക്കബ്, വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. ​പൊലീസ് സേനാംഗമായ മകനിൽ നിന്ന് ദമ്പതികൾക്ക് കൃത്യമായ ജീവനാംശം ലഭ്യമാക്കണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ​ദുരിതത്തിലായ ദമ്പതികളെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL