
കൊച്ചി: ജില്ലയിൽ പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ഡെങ്കിപ്പനിക്ക് പുറമേ മലേറിയ, ചിക്കുൻഗുനിയ, എലിപ്പനി എന്നിവ പടർന്നു പിടിക്കുകയാണ്. ഈ മാസം ഒന്നു മുതൽ 17 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിദിനം ശരാശരി 800ഓളം പേർ ഒ.പിയിൽ എത്തുന്നുണ്ട്. പനി ബാധിച്ചുള്ള മരണങ്ങളും ആശങ്കയുയർത്തുന്നു.
ജൂലായ് ഒന്നിന് മൂവാറ്റുപുഴയിൽ ആദ്യ ചിക്കുൻഗുനിയ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം, 16ന് ഇടപ്പള്ളിയിലും 17ന് എടത്തലയിലും ഓരോ ചിക്കുൻഗുനിയ കേസുകൾ വീതം സ്ഥിരീകരിച്ചു.
കൂടാതെ മലേറിയ, ഷിഗെല്ല കേസുകളും ജില്ലയിൽ പലയിടങ്ങളിലായി സ്ഥിരീകരിച്ചിട്ടുണ്ട്. കാക്കനാട്, കരുമാല്ലൂർ, കോടനാട്, തൃക്കാക്കര, ഒക്കൽ, കീഴ്മാട്, വെണ്ണല, പെരുമ്പാവൂർ, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 13ന് എറണാകുളം ജനറൽ ആശുപത്രിയിലും മലേറിയ കേസ് സ്ഥിരീകരിച്ചു. പൊന്നുരുന്നി, മലയിടംതുരുത്ത്, നെട്ടൂർ, വാഴക്കുളം എന്നീ പ്രദേശങ്ങളിൽ ഷിഗെല്ല സാന്നിദ്ധ്യം കണ്ടെത്തി.
ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷം
ജൂലായ് മാസത്തിൽ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. ജൂലായ് 11ന് മാത്രം ജില്ലയിൽ 48 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കളമശേരി, ആലുവ, എടത്തല, തൃക്കാക്കര, ഇടപ്പള്ളി, കാക്കനാട്, വെണ്ണല, ചോറ്റാനിക്കര, പെരുമ്പാവൂർ, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ജൂലായിലെ ഡെങ്കിപ്പനി കേസുകൾ
ആദ്യവാരത്തിൽ: 176
രണ്ടാം വാരത്തിൽ: 104
ജീവനപഹരിച്ച് എലിപ്പനി
17 വരെ ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങളും രോഗബാധയും ഗണ്യമായി വർദ്ധിച്ചു. ജൂലായ് 10ന് എലിപ്പനി ബാധിച്ച് ജില്ലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കളമശേരിയിൽ 18 വയസുകാരനായ അന്യസംസ്ഥാന തൊഴിലാളിയും കുട്ടമ്പുഴയിൽ 46 വയസുകാരിയുമാണ് മരണപ്പെട്ടത്. 13ന് കടയിരുപ്പ് സ്വദേശിയായ 48 വയസുകാരനും എലിപ്പനി ബാധിച്ച് മരിച്ചു. ഇതിനുപുറമെ, ആദ്യവാരത്തിൽ ഉദ്യോഗമണ്ഡൽ (64 വയസ്), പട്ടിമറ്റം (48 വയസ്) സ്വദേശികളും എലിപ്പനി ബാധിച്ച് മരിച്ചു. കടവന്ത്ര, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ എലിപ്പനി മൂലമെന്ന് സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എച്ച്1എൻ1 മരണവും
എലിപ്പനിക്ക് പുറമെ മറ്റ് ഗുരുതര രോഗങ്ങളും ജീവനെടുക്കുന്നുണ്ട്. 14ന് പിണ്ടിമന സ്വദേശിനി (55) എച്ച്1.എൻ1 ബാധിച്ചും 15ന് പമ്പാക്കുട സ്വദേശി (53) പനി ബാധിച്ചും മരിച്ചു. ആദ്യവാരത്തിൽ കറുകുറ്റിയിൽ നാല് വയസുകാരൻ ഇൻഫ്ലുവൻസ എ ബാധിച്ച് മരണപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |