
കിഴക്കമ്പലം: ജോലി സംബന്ധമായി വീട്ടുകാർ കോഴിക്കോട്ടായിരുന്ന സമയത്ത് പട്ടിമറ്റത്തെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. കൈതക്കാട് കൊണാർക്ക് അനിതകുമാരിയുടെ വീട്ടിൽ നിന്നാണ് ഏകദേശം ആറുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും കവർന്നത്.
ഒന്നര പവൻ വീതമുള്ള രണ്ട് ജോടി കമ്മലുകൾ, ഒരു പവൻ വീതമുള്ള രണ്ട് മോതിരങ്ങൾ, ഒരു ഗ്രാം ഗോൾഡ് കോയിൻ, രണ്ടര പവന്റെ രണ്ട് വളകൾ, ഒന്നേകാൽ പവന്റെ മാല, വെള്ളി അരഞ്ഞാണം എന്നിവ ഉൾപ്പെടെയുള്ള സ്വർണം -വെള്ളി ആഭരണങ്ങളാണ് നഷ്ടമായത്.
എന്നാൽ ഇതിൽ മാത്രം ഒതുങ്ങിയില്ല മോഷ്ടാക്കളുടെ ലക്ഷ്യം. കുട്ടികൾ നേടിയ ട്രോഫികളും മെഡലുകളും, മൂന്ന് നിലവിളക്കുകൾ, കിണ്ടി, ഓട്ടുരുളി, ഗ്യാസ് സ്റ്റൗവിന്റെ ബർണറുകൾ, കുളിമുറിയിലെ ടാപ്പുകളും ഷവറും, മുറികളിലെ സ്വിച്ച് ബോർഡുകൾ പൊളിച്ച് വൈദ്യുതിവയറുകൾ, ഫ്രിഡ്ജിന്റെ കംപ്രസർ, വെങ്കലത്തിൽ തീർത്ത ചെറിയ ദേവീവിഗ്രഹം എന്നിവയും കവർന്നു.
വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കിയ ശേഷമാണ് വീട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിലപിടിപ്പുള്ളതും ലോഹനിർമ്മിതവുമായ സാധനങ്ങൾ എടുത്തത്. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |