കൊച്ചി: ഓൾഡ് ആലുവ - മൂന്നാർ രാജപാതയ്ക്കുവേണ്ടിയുള്ള ജനകീയ പോരാട്ടം വീണ്ടും സജീവമാകുന്നു. കോതമംഗലത്തുനിന്ന് പെരുമ്പൻകുത്ത് മാങ്കുളം വഴി ഇടമലക്കുടിയിലേക്ക് വാഹന ഗതാഗത സൗകര്യം ആവശ്യപ്പെട്ട് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയതോടെയാണ് വർഷങ്ങളായി കോതമംഗലത്തുനിന്ന് പൂയംകൂട്ടി പെരുമ്പൻകുത്ത് മാങ്കുളം വഴി മൂന്നാറിലേക്കുള്ള റോഡിനുവേണ്ടി സമരം നടത്തുന്ന നാട്ടുകാർക്കും ആദിവാസികൾക്കും കൂടുതൽ കരുത്തായത്. മാർച്ചിൽ നൽകിയ ശുപാർശയിൽ ഇതുവരെ നടപടികളൊന്നും ആയില്ല. ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കാനാണ് സമരസമിതി നീക്കം.
രാജഭരണകാലം മുതൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് പിന്നീട് വനംവകുപ്പ് അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
മലയാറ്റൂർ ഇടിയറ ഫോറസ്റ്റ് ഡിവിഷനുകീഴിലായിരുന്ന 325.98 ഏക്കർ വനഭൂമി തിരുവിതാംകൂർ സർക്കാർ 1919ൽ പൊതുമരമത്ത് വകുപ്പിന് കൈമാറിയാണ് 'വെസ്റ്റേൺ ഔട്ട്ലെറ്റ് കോതമംഗലം - മൂന്നാർ ഹൈറേഞ്ച് റോഡ് " എന്നപേരിൽ ആലുവ മുതൽ മൂന്നാറിലേക്ക് റോഡ് നിർമ്മിച്ചത്. പിന്നീട് കോതമംഗലത്തുനിന്ന് നേര്യമംഗലം, അടിമാലി വഴി മൂന്നാറിലേക്കും ആറാം മൈൽ, പഴമ്പിള്ളിച്ചാൽ, മാമലക്കണ്ടം വഴി കുറത്തിക്കുടിക്കും പുതിയ റോഡ് വന്നതോടെ ആദ്യറോഡ് വനംവകുപ്പിന്റെ പിടിയിലായി.
പീണ്ടിമേട് വെള്ളച്ചാട്ടത്തിൽ നാല് എൻജിനിയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതോടെ ഇങ്ങോട്ടുള്ള പ്രവേശനം വനംവകുപ്പ് പൂർണമായും തടഞ്ഞു. 2018ന് ശേഷം ഗതാഗതം പൂർണമായി നിരോധിച്ചു. അപ്പോഴും റോഡിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിന് തന്നെയായിരുന്നു. 1980ൽ മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി പൊതുമരാമത്ത്, വനം വകുപ്പുകളുടെ അനുമതിയോടെ കെ.എസ്.ഇ.ബി 5.5 കിലോമീറ്റർ റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്തു.
നിലവിൽ കോതമംഗലം മുതൽ പൂയംകുട്ടിവരെയും പെരുമ്പൻകുത്ത് മുതൽ മാങ്കുളം വരെയും ഗതാഗതയോഗ്യമായ റോഡുണ്ട്. ഇടയ്ക്കുള്ള ഭാഗം ഗതാഗത യോഗ്യമാക്കിയാൽ ഇടമലകുടി, മാങ്കുളം, കുറത്തിക്കുടി മേഖലയിലെ 41 ആദിവാസി ഊരുനിവാസികൾക്ക് വളരെ വേഗത്തിൽ കോതമംഗലത്ത് എത്താനാകും.
12.5 കിലോമീറ്റർ പ്രശ്നം
പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള 26 കി.മീ റോഡിൽ 13.5 കി.മീ റോഡുപണി കഴിഞ്ഞതാണ്. ശേഷിക്കുന്ന 12.5 കി.മീ നിർമ്മിക്കുന്നതിന് മരങ്ങൾ മുറിക്കേണ്ടതില്ല. വനഭൂമിയും ഏറ്റെടുക്കേണ്ട. അതിനാൽ റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാം. സർക്കാർ ഉത്തരവായാൽ പ്രശ്‌നപരിഹാരമാകും.
പൊതുമരാമത്ത്, വനം, പട്ടികവർഗ വികസന വകുപ്പ് റവന്യൂ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചചെയ്താൽ തീരുന്ന പ്രശ്നമേ ഓൾഡ് ആലുവ - മൂന്നാർ റോഡിൽ ഇനി അവശേഷിക്കുന്നുള്ളു
ഷാജി പയ്യാനിക്കൽ,
പ്രസിഡന്റ്,
ആലുവ- മൂന്നാർ റോഡ്
ആക്ഷൻ കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |