SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

കൊച്ചിയിൽ ഇന്ന് 'ഇതിഹാസ" രാവ്‌

padam

കൊച്ചി: കാൽപന്തിന്റെ ആവേശം നെഞ്ചേറ്റുന്ന കൊച്ചി നഗരം ഇന്ന് ഫുട്ബാൾ ആരാധകരെക്കൊണ്ട് നിറഞ്ഞുകവിയും. ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞോയും ഇന്ത്യൻ ഫുട്ബാളിന്റെ കരുത്തൻ ഐ.എം. വിജയനും നേർക്കുനേർ പോരാടുന്ന 'റിട്ടേൺ ഒഫ് ദി ടൈറ്റൻസ് " മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം.

രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചരിത്രപോരാട്ടം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. പ്രിയതാരങ്ങളുടെ പ്രകടനം നേരിട്ട് കാണാൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ നിന്നുള്ള ആരാധകർ ടിക്കറ്റ് എടുത്തു കഴിഞ്ഞു. 2002ൽ ബ്രസീലിന് ലോകകപ്പ് കിരീടം നേടിത്തന്ന റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവരുടെ സാന്നിദ്ധ്യമാണ് പ്രധാന ആകർഷണം. ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, വിയോള, ഹ്യൂറെൽഹോ ഗോമസ്, അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവെയ്‌റ, ജോർജീഞ്ഞോ, എലിവെൽട്ടൺ തുടങ്ങിയവർ ബ്രസീൽ ലെജൻഡ്‌സിനായി അണിനിരക്കും.

ബ്രസീലിയൻ കരുത്തിനെ നേരിടാൻ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ എന്നിവരടങ്ങുന്ന ഇന്ത്യൻ ഓൾ സ്റ്റാർസ് നിരയും സജ്ജമാണ്. ഗാമൻ വേൾഡ് സ്‌പോർട്‌സ് എന്റർടൈൻമെന്റ്, എ ടു ഇസെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

 ഒപ്പമുണ്ട് കൊച്ചി മെട്രോ

ബ്രസീൽ ലെജൻഡ്‌സ് ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ഉണ്ടാകും. കലൂർ ജെ.എൽ.എൻ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും.

 സുരക്ഷയൊരുക്കി പൊലീസ്

കേരള പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാണികളുടെയും പ്രമുഖ താരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്റ്റേഡിയത്തിലും പരിസരത്തും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചു. സി.സി.ടിവി നിരീക്ഷണവും കർശനമായ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ട്രാഫിക് നിയന്ത്രണങ്ങളും പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

 ഇതിഹാസം പറന്നിറങ്ങി

ഇന്നലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റൊണാൾഡീഞ്ഞോയെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. എന്നാൽ താരത്തിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തത് നേരിയ ആശയക്കുഴപ്പത്തിനിടയാക്കി. യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന ചട്ടമാണ് തിരിച്ചടിയായത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം താരം പുറത്തേക്ക് വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL