SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

ഫോഴ്സയ്ക്കായി മനസ് തുറന്ന് വിതാൽ ബൊക്കാൽമെൻസ്

padam
വിതാൽ ബൊക്കാൽമെൻസ്

കൊച്ചി: തൊണ്ണൂറുകളിൽ ബെൽജിയം ദേശീയ ഫുട്ബാൾ ടീമിന്റെ പ്രതിരോധക്കോട്ടയിലെ അവിഭാജ്യഘടകമായിരുന്ന താരം. രണ്ട് ലോകകപ്പുകളിൽ ജേഴ്‌സിയണിഞ്ഞതിന്റെയും ജോർദാൻ ദേശീയ ടീമിനെ പരിശീലിപ്പിച്ചതിന്റെയും ആത്മവിശ്വാസം. കൊച്ചിയുടെ സ്വന്തം ക്ലബായ ഫോഴ്‌സാ കൊച്ചിയുടെ ഹെഡ് കോച്ച് വിതാൽ ബൊക്കാൽമെൻസ് സൂപ്പർ ലീഗ് കേരള പുതിയ സീസണെക്കുറിച്ചും ടീമിനെക്കുറിച്ചും മനസ് തുറക്കുന്നു.

 വിദേശത്തും ദേശീയ ടീമുകളിലും പരിശീലകനായിരുന്ന താങ്കളുടെ കേരളത്തിലേക്കുള്ള വരവ്?​

ലീഗ് ഭാരവാഹികളുമായി നടത്തിയ ചർച്ചയാണ് ആകർഷിച്ചത്. ഇതൊരു വലിയ വെല്ലുവിളിയും അതേസമയം മികച്ചൊരു അവസരവുമാണ്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വളരെ മികച്ച യുവ കളിക്കാരുണ്ട്. അവരെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.

 പരിശീലനവും കളിക്കാരെക്കുറിച്ചുമുള്ള അഭിപ്രായം ?

പരിശീലനം വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ആളാണ് താൻ. കളിക്കാർക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ പോലും പോസിറ്റീവായ രീതിയിലാണ് അത് തിരുത്തി നൽകുന്നത്. കളിക്കാർ പരസ്പരം സഹായിച്ചും ഒരു കുടുംബം പോലെയും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ആദ്യ ഇലവനിൽ കളിക്കുന്നവർ മാത്രമല്ല, ബെഞ്ചിലിരിക്കുന്നവരും ഒരുപോലെ പ്രധാനപ്പെട്ടവരാണ്.

 കഴിഞ്ഞ സീസണിലെ പ്രകടനങ്ങളെയും തോൽവികളെയും എങ്ങനെ കാണുന്നു ?

പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കുന്നില്ല. നാളെയെക്കുറിച്ചാണ് ചിന്ത. കളിക്കളത്തിൽ എന്ത് സംഭവിക്കുന്നു എന്നതിലാണ് കാര്യം. വിജയങ്ങൾ മാത്രമാണ് ലക്ഷ്യം.

 പുതിയ സീസണിലെ തയ്യാറെടുപ്പുകളെക്കുറിച്ച്?

അതിരാവിലെ തന്നെ പരിശീലനം തുടങ്ങും. പരിശീലന മത്സരങ്ങളിൽ മികച്ച തിരിച്ചുവരവുകൾ നടത്താൻ ടീമിന് സാധിച്ചിട്ടുണ്ട്. കളിക്കാരുടെ ഫിറ്റ്‌നസ് ഉറപ്പാക്കാൻ ഡോക്ടർമാരും ഫിറ്റ്‌നസ് കോച്ചും അടങ്ങുന്ന സംഘം ദിവസവും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. മറ്റു ടീമുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും മനസിലാക്കിയിട്ടുണ്ട്. ടീം പൂർണം സജ്ജമാണ്.

കരുത്തോടെ ഫോഴ്സ

ഒരിക്കൽ കൈയകലെ നഷ്ടപ്പെട്ട എസ്.എൽ.കെ കിരീടം ഇക്കുറി തിരിച്ചുപിടിക്കാൻ വൻ മാറ്റങ്ങളുമായാണ് ഫോഴ്‌സാ കൊച്ചി എഫ്.സി ഇറങ്ങുന്നത്. വിദേശ താരങ്ങളും പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളും പ്രാദേശിക പ്രതിഭകളും അണിനിരക്കുന്ന കരുത്തുറ്റ നിരയാണ് ടീമിന്റെ കരുത്ത്. വിതാൽ ബൊർക്കൽമെൻസിന്റെ പരിശീലനത്തിലിറങ്ങുന്ന ടീമിനെ അർജന്റീന താരം നഹുവൽ പെരേര നയിക്കും. ബ്രസീൽ, അർജന്റീന, മെക്‌സിക്കോ താരങ്ങളുടെ സാന്നിദ്ധ്യം ടീമിന് അന്താരാഷ്ട്ര മികവേകും. ദേബ്ജിത് മജുംദാറാർ ഗോൾവല കാക്കും. ഈ മാസം 27ന് മലപ്പുറം എഫ്.സിയുമായാണ് ഫോഴ്‌സയുടെ ആദ്യമത്സരം. കലൂർ ജവഹർലാൽനെഹ്‌റു സ്റ്റേഡിയത്തിൽ 7.30നാണ് കിക്കോഫ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL