നെടുമ്പാശേരി: ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ റോഡിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലും ബിരിയാണി പാചക യൂണിറ്റും അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതിന് നടത്തിപ്പുകാർക്കും വസ്തു ഉടമയ്ക്കും നോട്ടീസ് നൽകിയത്.
പഞ്ചായത്ത് പദ്ധതിക്കായി അനുയോജ്യമായ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനായുള്ള പരിശോധനയ്ക്കിടയിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പരിസരം ഗുരുതരമായ മാലിന്യങ്ങൾ അടഞ്ഞുകൂടിയ നിലയിൽ കണ്ടെത്തിയത്. ഹോട്ടലിന്റെയും ബിരിയാണി പാചകപുരയുടെയും പിറകിൽ അഴുക്ക് ജലം തളം കെട്ടിക്കിടക്കുകയുമായിരുന്നു. സമീപത്തെ കാലപ്പഴക്കമുള്ള കിണറ്റിൽ ചത്ത പൂച്ചയെയും കണ്ടെത്തി.
ഹെൽത്ത് സൂപ്പർവൈസർ എസ്. ബിജോഷിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എൽദോ പി. ഹോർമിസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. ജോയി എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
പഞ്ചായത്തിലെ മുഴുവൻ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യ വകുപ്പ് ശുചിത്വ പരിപാലനം സംബന്ധിച്ച് പരിശോധന നടത്തണം. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും
ജെർളി കപ്രശേരി
പ്രസിഡന്റ്
ചെങ്ങമനാട്
പഞ്ചായത്ത്
ചത്ത പൂച്ചയെ വൈരാഗ്യക്കാർ
ബോധപൂർവം തള്ളിയതെന്ന് ഉടമ
പൂർണമായും നെറ്റ് സ്ഥാപിച്ച് സംരക്ഷിക്കപ്പെട്ടിട്ടുള്ള കിണറ്റിൽ നിന്ന് പകൽ സമയങ്ങളിലാണ് വെള്ളം പമ്പ് ചെയ്യാറുള്ളതെന്നും വൈരാഗ്യമുള്ള ആരോ രാത്രിയിൽ ചത്ത ജീവിയെ കിണറ്റിൽ തള്ളിയതാകാമെന്നും ഹോട്ടൽ ഉടമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |