SignIn
Kerala Kaumudi Online
Thursday, 24 September 2026 1.57 AM IST

ഫാക്ട് ഹൈസ്കൂൾ ഇനി എൻ.ഐ.എ കോടതി

fact-hs
ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ ഏലൂർ

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഏലൂരിലുള്ള ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ ഇനി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കോടതിയായി പ്രവർത്തിക്കും. സ്കൂൾ കെട്ടിടമുൾപ്പെടെ രണ്ടര ഏക്കർ സ്ഥലമാണ് വിട്ടു കൊടുക്കുന്നത്. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ച് ഹൈക്കോടതി രജിസ്ട്രാറുടെ ശുപാർശ പ്രകാരം ജില്ലയിൽ രണ്ട് പുതിയ പ്രത്യേക എൻ.ഐ.എ കോടതികളാണ് സ്ഥാപിക്കുക. പ്രവർത്തനങ്ങൾക്കുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും.

എൻ.ഐ.എ കേസുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതിലെ പ്രശ്നങ്ങൾ പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിൽ അടിയന്തര തീരുമാനമെടുത്തത്. നിലവിൽ എറണാകുളത്തെ സി.ബി.ഐ കോടതികൾക്കാണ് എൻ.ഐ.എ കേസുകളുടെ അധിക ചുമതല. പുതിയ എക്സ്ക്ലൂസീവ് സ്പെഷ്യൽ കോടതികൾ വരുന്നതോടെ വിചാരണ വേഗത്തിലാകും.

ജുഡീഷ്യൽ, മിനിസ്റ്റീരിയൽ സഹായക ജീവനക്കാർ ഉൾപ്പെടെ 16 തസ്തികകൾ ഉണ്ടാകും. സ്പെഷ്യൽ ജഡ്ജി, ശിരസ്തദാർ, ബെഞ്ച് ക്ലർക്ക്, സീനിയർ ക്ലർക്ക്, കോൺഫിഡൻഷ്യൽ അസി. ഗ്രേഡ് II, ക്ലർക്ക്, ടൈപ്പിസ്റ്റ് , ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെയാണ് നിയമനങ്ങൾ. എൻ.ഐ.എയുടെ സംസ്ഥാന ആസ്ഥാനം കളമശേരി ഗവ. മെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രമാകുന്ന സ്കൂൾ

2004 ൽ ഫാക്ട് സ്കൂളുകളിലെ അദ്ധ്യാപകരടക്കം മുഴുവൻ ജീവനക്കാർക്കും നിർബന്ധിത വി.ആർ.എസ് നൽകി 15 വർഷത്തേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി. പിന്നീട് മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം സേവ് ഫാക്ടിന്റെ നേതൃത്വത്തിൽ ഫാക്ട് എംപ്ലോയീസ് എഡ്യുക്കേഷൻ സർവീസ് സൊസൈറ്റി രൂപീകരിച്ച് സ്കൂൾ ഏറ്റെടുത്തു. 10 വർഷത്തിനുശേഷം വാടക കുടിശികയുടെ പേരിൽ സ്കൂൾ അടച്ചുപൂട്ടുകയായിരുന്നു. 22 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.

കണ്ടെയ്നർ റോഡിൽ ഫാക്ട് വെൽക്കം ഗേറ്റ് സിഗ്നൽ ജംഗ്ഷന് സമീപമാണ് സ്കൂൾ. നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യവുമുണ്ട്.

രണ്ടാം കോടതി നഗരത്തിൽ

കേസുകളുടെ സ്വാഭാവവും സുരക്ഷയും കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങളുള്ള കൊച്ചി നഗരപരിധിയിൽ തന്നെ രണ്ടാമത്തെ എൻ.ഐ.എ കോടതി സ്ഥാപിക്കും. ജുഡീഷ്യൽ ഹബ്ബായ ഹൈക്കോടതി / ജില്ലാ കോടതിക്ക് സമീപം ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. രാത്രിയിലും പ്രവർത്തിക്കുന്ന അത്യാധുനിക നിരീക്ഷണ ക്യാമറകൾ, കമാൻഡോ സുരക്ഷ, ബോംബ് സ്ക്വാഡ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഇവിടെയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL