കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി പുനരുദ്ധാരണ പാക്കേജ് ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്നും കേന്ദ്ര വ്യവസായമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്യസഭാ എം.പി സദാനന്ദൻ മാസ്റ്ററോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എച്ച്.എം.ടി ബി.എം.എസ് നേതാക്കളായ ടി.ജി. ശ്രീജേഷ്, പി.എസ്. ഷനിൽ, എൻ.എൻ. ജയകുമാർ, കെ.ആർ. ഡിജുമോൻ എന്നിവരുടെ നിവേദനം സദാനന്ദൻ മാസ്റ്റർ മന്ത്രിക്ക് കൈമാറി.
കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാരുടെ ശമ്പളം കുടിശികയാണ്. രണ്ടുവർഷമായി ശമ്പളം മുടങ്ങുന്നതും ഉത്പന്നവില ലഭിക്കാത്തതിനാലുള്ള പ്രവർത്തനമൂലധന ദൗർലഭ്യവും കമ്പനിയെ തളർത്തുന്നു. ശമ്പള കുടിശിക വർദ്ധിക്കുന്നതിനാൽ കരാർ തൊഴിലാളികൾ ജോലി ഉപേക്ഷിക്കുന്നത് ഉത്പാദനത്തെ ബാധിച്ചു.
ഓണം അഡ്വാൻസ്, പെർഫോമൻസ് ബോണസ്, ലീവ് എൻക്യാഷ്മെന്റ് എന്നിവയ്ക്ക് കോർപ്പറേറ്റ് മാനേജ്മെന്റ് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 24ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അന്ന് കാന്റീനിലെ ഓണസദ്യയും ആഘോഷങ്ങളും ജീവനക്കാർ ബഹിഷ്കരിച്ചു. ജൂലായ് 1ന് എച്ച്.എം.ടി ഷഷ്ഠിപൂർത്തി പിന്നിട്ടെങ്കിലും ആഘോഷങ്ങളുണ്ടായിരുന്നില്ല.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 32.56 കോടി രൂപയായിരുന്ന ഓർഡർ മൂല്യം നിലവിൽ 63.70 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഓർഡറുകളുടെ കുറവല്ല, മറിച്ച് കൃത്യസമയത്ത് ഉത്പന്നങ്ങൾ നൽകാൻ കഴിയാത്തതാണ് യൂണിറ്റ് നേരിടുന്ന പ്രധാന പ്രതിസന്ധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |