കൊച്ചി: വിദേശനിർമ്മിത മദ്യവും പുകയില ഉത്പന്നങ്ങളുമായി ലക്ഷദ്വീപ് ബോട്ടിനെ കോസ്റ്റ്ഗാർഡ് പിടികൂടി ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറി. ബോട്ടിന്റെ സ്രാങ്ക് ഉൾപ്പെടെ നാല് തൊഴിലാളികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആന്ത്രോത്തിൽ നിന്ന് തോപ്പുംപടി തുറമുഖത്ത് മത്സ്യം ഇറക്കി ഐസുമായി തിരികെ ദ്വീപിലേക്ക് പോയ റയാൻ എന്ന ബോട്ടാണ് പിടിയിലായത്. ആന്ത്രോത്തിൽ പിടിക്കുന്ന മീൻ കൊച്ചിയിലെ തുറമുഖങ്ങളിൽ എത്തിക്കുകയാണ് ഇവരുടെ ജോലി. ഇത്തരം നിരവധി ലക്ഷദ്വീപ് ബോട്ടുകൾ കൊച്ചി തീരത്തെത്തുന്നുണ്ട്.
കൊച്ചി തുറമുഖത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് കോസ്റ്റ് ഗാർഡ് നിരീക്ഷണ കപ്പൽ ഐ.സി.ജി.എസ് - സി 162 രജിസ്ട്രേഷൻ നമ്പറുള്ള ബോട്ടിനെ ശ്രദ്ധിച്ചത്. കേരളം, തമിഴ്‌നാട് ബോട്ടുകളിൽ നിന്ന് വ്യത്യസ്‌ത നിറമുള്ള ബോട്ടിന്റെ നീക്കത്തിൽ സേനയ്ക്ക് സംശയം തോന്നി. കപ്പലിന്റെ ഡെപ്യൂട്ടി കമാൻഡന്റ് സന്ദീപ്‌കുമാർ സാം വയർലെസ് സെറ്റിലൂടെ ബോട്ട് നിറുത്താൻ നിർദ്ദേശിച്ചിട്ടും കേൾക്കാത്ത മട്ടിൽ തൊഴിലാളികൾ നീങ്ങി. ബോട്ടിനെ തടഞ്ഞു നിറുത്തി നടത്തിയ പരിശോധനയിലാണ് 2 ലിറ്റർ വിദേശമദ്യവും 555 പാക്കറ്റ് ഹാൻസും പിടികൂടിയത്.
ബോട്ടും തൊഴിലാളികളെയും ഫോർട്ട്കൊച്ചിയിൽ എത്തിച്ച് കോസ്റ്റൽ പൊലീസിന് കൈമാറി. ബോട്ടിന്റെ സ്രാങ്ക് മുഹമ്മദ് ഫത്തറുദ്ദീൻ കുന്നഷാദ (33), തൊഴിലാളികളായ കെ.ടി. ക്വാജൽ ഫൈസൽ (29), പി.എൻ. മുഹമ്മദ് അൻസൂർ (31), സർബാസ് അലി (27) എന്നിവരാണ് അറസ്റ്റിലായത്.
കൈമാറുന്നത് കൊച്ചിയിലെ ഏജന്റുമാർ
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാരാണ് ലക്ഷദ്വീപ് ബോട്ടുകൾക്ക് മദ്യവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും കൈമാറുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. അര ലിറ്റർ മദ്യത്തിന് ലക്ഷദ്വീപിൽ 3600 രൂപ വരെ വില കിട്ടും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പേർ അറസ്റ്റിലായേക്കും. കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ ബി.വി. ലൈജുമോൻ, എസ്.ഐ സി.ആർ. സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |