SignIn
Kerala Kaumudi Online
Monday, 05 October 2026 3.01 AM IST

ദിനങ്ങളെണ്ണി ആർമി ടവറുകൾ

chander

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ 29 നില വീതമുള്ള രണ്ട് ആർമി ടവറുകളും ഇനി മണ്ണിലേക്ക് വീഴാൻ ആഴ്ചകൾ മാത്രം. ടവറുകൾ പൊളിക്കാനുള്ള അന്തിമ നടപടിക്രമങ്ങൾക്ക് രൂപരേഖയായി. നിർമ്മിച്ച് ആറാം വർഷം ദുർബലാവസ്ഥമൂലം പൊളിക്കാൻ നിശ്ചയിച്ച താണ് സൈനികർക്കും വിമുക്തഭടന്മാർക്കും വേണ്ടി നിർമ്മിച്ച ഭീമൻ കെട്ടിടങ്ങൾ. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കളക്ടർ അദ്ധ്യക്ഷയായ പ്രത്യേക സമിതിയുടെ യോഗത്തിൽ കെട്ടിടം പൊളിക്കുന്നതിനും പുനർനിർമ്മിക്കാൻ കരാർ നൽകുന്നതും സംബന്ധിച്ച് തീരുമാനങ്ങളെടുത്തു,

മരട് ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിംഗ് കമ്പനിക്കാണ് പൊളിക്കൽ ചുമതല. ഇവരുമായി കരാർ ഒപ്പിടാൻ ഫോർട്ടുകൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായ്‌കൃഷ്ണയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. പണം നൽകേണ്ടത് ടവർ നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനാണ് (എ.ഡബ്ല്യു.എച്ച്.ഒ). ആറുമാസത്തിനകം പൂർത്തിയാക്കണം. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം.

'അനുമതി വൈകിക്കരുത്'

ഫ്ളാറ്റുകളുടെ താക്കോൽ എ.ഡബ്ല്യു.എച്ച്.ഒയ്ക്ക് കൈമാറുന്ന പ്രക്രിയ ഇന്ന് തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. കണയന്നൂർ തഹസിൽദാർ കൂടി ഒപ്പിട്ട രശീത് ഉടമകളുടെ അസോസിയേഷന് നൽകണം. രണ്ടു ഫ്ളാറ്റുകളും പുനർനിർമ്മിക്കാനുള്ള അനുമതികളും മറ്റും അതത് വകുപ്പുകൾ സമയബന്ധിതമായി നൽകണമെന്നും കളക്ടർ നിർദേശിച്ചു.

വാടക മു‌ടക്കരുത്

മാറി താമസിക്കുന്നവർക്ക് എ.ഡബ്ല്യു.എച്ച്.ഒ. നൽകേണ്ട മാസവാ‌ടക അഞ്ചാം തീയതിക്ക് മുമ്പ് നൽകണമെന്ന് കമ്മിറ്റി നിർദേശിച്ചു. 127 പേർക്ക് മാത്രമാണ് വാടക കൃത്യമായി നൽകുന്നത്. വാടകയിലെ വാർഷിക വർദ്ധനവും കരാർ പരിശോധിച്ച് നൽകണം.

204 ഫ്ളാറ്റുകൾ

204 ഫ്ളാറ്റുകളാണ് രണ്ടു ടവറി​ലുമായുള്ളത്. ഇവരെയെല്ലാം ഒമ്പതുമാസം മുമ്പ് ഒഴി​പ്പി​ച്ചി​രുന്നു. അമ്പതോളം പേരിൽ നിന്ന് ഫ്ളാറ്റുകൾ എ.ഡബ്ല്യു.എച്ച്.ഒ തിരികെ വാങ്ങി.

അഴി​മതി​യുടെ ടവറുകൾ

സൈനികർക്കും വിമുക്തഭടന്മാർക്കുമായി കരസേനയുടെ കീഴിലുള്ള ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) ആറ് വർഷം മുമ്പ് കൈമാറിയ എ, ബി എന്ന രണ്ട് ടവറുകൾ അഴി​മതി​യെ തുടർന്നുണ്ടായ നിർമ്മാണതകരാറ് മൂലമാണ് പൊളിച്ചു മാറ്റുന്നത്. കൊച്ചിയിലെ ശില്പ കൺസ്ട്രക്ഷൻസാണ് ടവറുകൾ നിർമ്മിച്ചത്.

14 നി​ലയുള്ള മൂന്നാമത്തെ സി ടവറി​ന് ബലക്ഷയമി​ല്ല. ഹൈക്കോടതി നിയോഗിച്ച കളക്ടർ അദ്ധ്യക്ഷയായ കമ്മിറ്റിക്കാണ് പുനർനിർമ്മിച്ച് കൈമാറുനുള്ള ചുമതല. 250 കോടി രൂപ എ.ഡബ്ല്യു.എച്ച്.ഒ മുടക്കണം.

കേസുകളുടെ പരമ്പര

വഞ്ചിക്കപ്പെട്ട ഫ്ളാറ്റുടമകൾ നൽകിയ കേസുകൾ മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെയുണ്ട്. ക്രിമിനൽ കേസുകൾ വേറെ. എ.ഡബ്ല്യു.എച്ച്.ഒ. സാരഥികളും കരാറുകാരും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പ്രതികളാണ്. മരട് പൊലീസും ക്രൈംബ്രാഞ്ചും വിജിലൻസും കേസുകൾ അന്വേഷിക്കുന്നുണ്ട്. സി.ബി.ഐ. അന്വേഷണ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL