
കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോട്ടോഗ്രാഫറായ മലപ്പുറം താനൂർ ഒഴൂർ അംബിയാത്തിൽ വീട്ടിൽ എ. മുഹമ്മദ് ഷഫിൽ (21) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ യുവതിയാണ് കൊച്ചിയിലും ബംഗളൂരുവിലും പീഡനത്തിന് ഇരയായത്. രണ്ടിടത്തും യുവതിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നായിരുന്നു പീഡനം. ഡേറ്റിംഗ് ആപ്പിലൂടെയാണ് ട്രാൻസ് യുവതിയുമായി പ്രതി അടുപ്പം വെയ്ക്കുന്നത്. മോഡലിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൊച്ചിയിൽ നിന്ന് ട്രാൻസ് യുവതി ബംഗളൂരുവിലേക്ക് മാറിയപ്പോൾ ഇരുവരും ഒരുമിച്ചായിരുന്നു താമസം. യുവതിയുടെ മോഡലിംഗ് ഫോട്ടോകൾ പകർത്തിയിരുന്നതും ഇയാളായിരുന്നു.
ഒരുമിച്ച് താമസിക്കുമ്പോൾ പകർത്തിയ സ്വകാര്യദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം 38000 രൂപയാണ് തട്ടിയെടുത്തത്. ഇയാളുമായി ബന്ധം ഉപേക്ഷിച്ച വൈരാഗ്യത്തിന് ബംഗളൂരുവിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് ട്രാൻസ്യുവതിയെ കെട്ടിയിട്ട് നഗ്നചിത്രങ്ങൾ പകർത്തി.
ഈ ചിത്രങ്ങൾ റെഡിറ്റ് ആപ്പിൽ യുവതിയുടെ പേരിലുള്ള അക്കൗണ്ട് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാൻ കൂട്ടാക്കാതെ യുവതി പാലാരിവട്ടത്ത് മാതാവിന്റെ വാടകവീട്ടിലേക്ക് താമസം മാറ്റിയപ്പോൾ പ്രതി രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി 80000 രൂപ കൂടി തട്ടിയെടുത്ത് കടന്നതായിട്ടാണ് പരാതി.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, തടഞ്ഞുവെയ്ക്കൽ ഉൾപ്പെടെ ബി.എൻ.എസിലെയും ഐ.ടി ആക്റ്റിലെയും നിരവധി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോഴിക്കോട് നിന്ന് ശനിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
നഗ്നചിത്രങ്ങൾ പകർത്തിയ മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇതിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെടുത്തു. ഇയാൾ മയക്ക്മരുന്ന് കേസുകളിലുൾപ്പെടെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |