SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.58 AM IST

അശ്വമേധത്തിൽ കുഷ്ഠരോഗിയായി കൊച്ചിൻ ഹസനാർ

cochinhassanar
കൊച്ചിൻ ഹസനാർ

ആലുവ: വിദേശങ്ങളിലുൾപ്പെടെ മൂവായിരത്തിലേറെ വേദികളിൽ പ്രേഷകശ്രദ്ധ നേടിയ കെ.പി.എ.സിയുടെ അശ്വമേധം നാടകം പുനർജനിച്ചപ്പോൾ കുഷ്ഠരോഗിയാകാൻ ആലുവയുടെ സ്വന്തം കൊച്ചിൻ ഹസനാർ.

1962ലാണ് കെ.പി.എ.സിക്കു വേണ്ടി തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച അശ്വമേധം അരങ്ങിലെത്തിയത്. വർഷങ്ങൾക്കു ശേഷമാണ് കെ.പി.എ.സി. ഈ നാടകം വീണ്ടും വേദിയിലെത്തിക്കുന്നത്. ഇതിലെ കുഷ്ഠ രോഗിയായി എഴുപത്തിരണ്ടുകാരനായ ആലുവ സ്വദേശി കൊച്ചിൻ ഹസനാരാണ് വേഷമിടുന്നത്. കെ.എസ്. ജോർജായിരുന്നു അശ്വമേധത്തിന്റെ ആദ്യകാല അവതരണങ്ങളിൽ കുഷ്ഠരോഗിയായി തിളങ്ങിയത്. കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്റെ അകൽച്ചയ്ക്കും തെറ്റിദ്ധാരണയ്ക്കുമെതിരെയാണ് ഈ നാടകം.

ആലുവ നാലാംമൈൽ സ്വദേശിയായ കൊച്ചിൻ ഹസനാർ 19-ാമത്തെ വയസിലാണ് നാടക നടനായത്. നിരവധി നാടകട്രൂപ്പുകളിൽ അഭിനയിച്ചിട്ടുള്ള ഹസനാർ ആദ്യമായാണ് കെ.പി.എ.സിയിൽ വേഷമിടുന്നത്. മരിക്കുന്നതുവരെ അഭിനയ രംഗത്ത് തുടരാനാണ് ആഗ്രഹം. ഏകപാത്ര നാടകവും ഇദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. കേരള സംഗീതനാടക അക്കാഡമിയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ തുടങ്ങിയ അശ്വമേധത്തിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്നും പ്രേക്ഷകർ നാടകത്തോടൊപ്പം ആലപിക്കുകയാണെന്ന് ഹസനാർ പറയുന്നു.

ഹസനാരുടെ മകളാണ് നടി രഹ്ന. രഹ്നയുടെ ഭർത്താവായിരുന്നു അന്തരിച്ച നടൻ കലാഭവൻ നവാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL