SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

മറൈൻഡ്രൈവ് ജലമേള 10ന് കിരീടം ചൂടാൻ ഒമ്പത് ചുണ്ടന്മാർ

padam

കൊച്ചി: ഓളപ്പരപ്പുകളിൽ ആവേശത്തിന്റെ തീപടർത്തുന്ന ചുണ്ടൻവള്ളങ്ങളുടെ പോരാട്ടത്തിന് കൊച്ചി കായൽ സജ്ജം. ശനി​യാഴ്ച ഉച്ചയ്ക്ക് രണ്ടു മുതലാണ് കായലിനെയും കരയെയും ആവേശക്കൊടുമുടിയേറ്റുന്ന മറൈൻ ഡ്രൈവിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) പോരാട്ടം.

നെഹ്‌റു ട്രോഫിയിൽ ഒന്ന് മുതൽ ഒൻപത് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയ ചുണ്ടനുകളാണ് കൊമ്പുകോർക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രാദേശിക വള്ളങ്ങളും പോരിനുണ്ട്. പവലിയനുകൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എക്കൽമണ്ണ് നീക്കി ട്രാക്കിലെ പോരായ്മകൾ പരിഹരിക്കുന്നുണ്ട്. 2022ലെ ഫൈനലിൽ മൂന്നാം ട്രാക്കിലൂടെ തുഴഞ്ഞെത്തിയ ചുണ്ടൻ മണൽത്തിട്ടയിൽ തട്ടിയത് മത്സരത്തിന്റെ ശോഭ കെടുത്തിയിരുന്നു.

ലീഗിലെ അഞ്ചാം മത്സരത്തിനാണ് മറൈൻ ഡ്രൈവ് വേദിയാകുന്നത്. 17ന് ജില്ലയിലെ പിറവം വള്ളംകളിയാണ് അടുത്ത സി.ബി.എൽ മത്സരം. 24ന് കോട്ടയം താഴത്തങ്ങാടി, 31ന് ആലപ്പുഴ പുളിങ്കുന്നം, നവംബർ ഏഴിന് ആലപ്പുഴ കൈനകരി, 14ന് ആലപ്പുഴ കായംകുളം. 21ന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ ഈ സീസണിന് സമാപനമാകും.

 ഉച്ചയ്ക്ക് രണ്ടിന് ഹീറ്റ്‌സ്
ഉച്ചയ്ക്ക് രണ്ടിന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും പിന്നാലെ നടക്കും. ഇതിനിടെ കലാപരിപാടികളും അരങ്ങേറും. തുടർന്ന് ആവേശം നിറയ്ക്കുന്ന ഫൈനലുകൾ.

ചുണ്ടൻവള്ളങ്ങളും ക്ലബുകളും

1. അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്)
2. നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്)
3. വീയപുരം ചുണ്ടൻ (യു.ബി.സി കൈനകരി എഫ്.സി)
4. മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
5. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
6. ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
7. ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്)
8. പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
9. തലവടി ചുണ്ടൻ (കൈനകരി വില്ലേജ് ബോട്ട് ക്ലബ്)

 ഒന്നാം സമ്മാനം 25 ലക്ഷം
സി.ബി.എൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്ക് കിട്ടുക. മത്സരത്തിലും പങ്കെടുക്കുന്ന ചുണ്ടനുകൾക്ക് നാല് ലക്ഷം രൂപ ബോണസായും ലഭിക്കും. ബോണസ് തുകയിൽ മൂന്ന് ലക്ഷം ക്ലബിനുള്ളതാണ്.

 ആരോമയും മേൽപാടവും ഒപ്പത്തിനൊപ്പം

കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടുവീതം കിരീടം ആരോമ ബോട്ട് ക്ലബ് തുഴഞ്ഞ ആരോമ ചുണ്ടനും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടനുമാണ് നേടിയത്. ലീഡ് ഉയർത്തി സി.ബി.എൽ. കിരീടത്തിൽ മുത്തമിടുകയാണ് ഇരുക്ലബുകളുടെയും ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL