SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

മുംബയ് പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ്: 60കാരന്റെ 4.70 ലക്ഷം തട്ടിയെടുത്തു

arrest

കൊച്ചി: അറുപതുകാരനെ വെർച്വൽ അറസ്റ്റ് ചെയ്ത് സൈബർതട്ടിപ്പ് സംഘം തട്ടിയെടുത്തത് 4.70 ലക്ഷം രൂപ. മുംബയ് ക്രൈംബ്രാഞ്ച് പൊലീസുകാരൻ എന്ന പേരിൽ വീഡിയോ കോൾ ചെയ്തത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിൽ പണം എത്തിയിരുന്നു. കടവന്ത്ര സ്വദേശിയായ 60കാരനാണ് പണം നഷ്‌ടപ്പെട്ടത്. മാസങ്ങൾ മുമ്പ് നടന്ന തട്ടിപ്പിൽ കടവന്ത്ര പൊലീസ് കേസെടുത്തത് കഴിഞ്ഞദിവസം.

ജൂലായ് 15, 16 തീയതികളിലാണ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്. ഷിപ്പിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന 60കാരൻ എറണാകുളത്തെ ഓഫീസിൽ ജോലി ചെയ്യുമ്പോഴാണ് വാട്സാപ്പ് നമ്പരിൽ വീഡിയോ കോൾ വന്നത്. വിളിച്ചയാൾ പൊലീസ് വേഷത്തിലായിരുന്നു. പശ്ചാത്തലവും പൊലീസ് സ്റ്റേഷന്റേതായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനും മനുഷ്യക്കടത്തിനും കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞപ്പോൾ 60കാരൻ വിരണ്ടു പോയി.

കള്ളപ്പണ വിനിമയ കേസ് കൂടി ഉൾപ്പെട്ടതിനാൽ ബാങ്ക് അക്കൗണ്ട് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധനയ്ക്ക് അയച്ചു നൽകാനും നിർദ്ദേശിച്ചു.

എറണാകുളം രവിപുരത്തെ ബാങ്കിൽ നിന്ന് ചെക്ക് മുഖാന്തരം 4.70 ലക്ഷം രൂപ പിൻവലിച്ച് തട്ടിപ്പ് സംഘം നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചു.

മുംബെ അന്ധേരിയിലെ ബ്‌ളു ബ്രെയിൻ ഐ.ടി സൊലൂഷ്യൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് പണം പോയത്.

തട്ടിപ്പ് തിരിച്ചറിഞ്ഞയുടൻ 60കാരൻ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതിപ്പെട്ടിരുന്നു. സൈബർ തട്ടിപ്പിലൂടെ മുംബയ് അക്കൗണ്ടിലെത്തിയ പണത്തിന്റെ ഒരു ഭാഗം തടഞ്ഞുവച്ചിട്ടുണ്ട്. ഈ പണം തിരികെ ലഭിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL