
കൊച്ചി: പി ആൻഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) മുണ്ടംവേലിയിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ചതിലെ കള്ളക്കളികളും വീഴ്ചകളും അക്കമിട്ട് നിരത്തി ഓഡിറ്റ് റിപ്പോർട്ട്. കരാറുകാരെ നിശ്ചയിച്ചത് മുതൽ നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കൽ വരെ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. പല നടപടികളും സംശയകരവും വിശദീകരണം ആവശ്യമുള്ളവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്ലാറ്റ് നിർമ്മാണ പദ്ധതിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി ബാദ്ധ്യതകൾ മുഴുവൻ ജി.സി.ഡി.എ ഏറ്റെടുത്തത് ദുരൂഹമാണ്.
ത്രികക്ഷി കരാറിന്റെ ലംഘനം നടന്നതിൽ ജി.സി.ഡി.എയുടെ നിലപാട് അറിയിക്കാനും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടു.
കരാർ കമ്പനിയായി ടി.ഡി.എൽ.സി.എസ്.എസിനെ നിശ്ചയിക്കാൻ വഴിവിട്ട നീക്കം നടന്നു. കരാറിലെ 10, 12 വകുപ്പുകൾ പ്രകാരം അക്രഡിറ്റഡ് ഏജൻസി എന്ന പദവി ഒഴിവാക്കി, പകരം നിർമ്മാണ ഏജൻസിയെന്ന് മാറ്റിയെഴുതി. ഇത് സംശയകരമാണ്.
കരാർ കമ്പനിക്ക് നിർമ്മാണത്തിന് മുൻകൂർ തുക നൽകാൻ 2.48 കോടി രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിച്ചു. ജി.സി.ഡി.എ സെക്രട്ടറിയുടെ എതിർപ്പ് മറികടന്ന് ചെയർമാന്റെ നിർദേശ പ്രകാരമാണ് തുക നൽകിയത്. 3.65 കോടി രൂപയുടെ സ്ഥിര നിക്ഷേപം പിൻവലിച്ചാണ് കരാറുകാരന് നൽകിയത്. കാലാവധിക്ക് മുമ്പ് പിൻവലിച്ചതിലൂടെ പലിശനഷ്ടം സംഭവിച്ചു.
ട്രഷറിയിൽ 99 കോടിയും ബാങ്കിൽ 18 കോടിയും രൂപ വീതമുള്ളപ്പോഴാണ് കാലാവധിക്ക് മുമ്പ് സ്ഥിരനിക്ഷേപം പിൻവലിച്ചത്.
സാങ്കേതികജ്ഞാനം സംശയനിഴലിൽ
സാങ്കേതിക കമ്മിറ്റി 2021 ഫെബ്രുവരി നാലിന് അംഗീകരിച്ച പൈലിംഗിനുള്ള സ്റ്റീൽ റീ ഇൻഫോഴ്സ്മെന്റ് ഡിസൈൻ റിംഗ് ടൈപ്പ് എന്നത് മാറ്റി സ്റ്റീൽ റീഇൻഫോഴ്സ്മെന്റ് ഡിസൈൻ ഹെലിക്കൽ ടൈപ്പ് എന്നാക്കി. കരാറുകാരന്റെ ആവശ്യപ്രകാരം വരുത്തിയ മാറ്റത്തിന് സാങ്കേതിക കമ്മിറ്റിയുടെ അനുമതി വാങ്ങിയില്ല. എസ്റ്റിമേറ്റ് പുതുക്കുകയും ചെയ്തില്ല.
നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് പഠനം നടത്താൻ പുറത്തുനിന്നുള്ള ഏജൻസികളെ നിയോഗിച്ചു. ജി.സി.ഡി.എയ്ക്ക് സ്വന്തം എൻജിനീയറിംഗ് വിഭാഗത്തെ മറികടന്നാണ് പുറം ഏജൻസിയെ ഏല്പിച്ചത്.
2024 ജൂലായിൽ കണ്ടെത്തിയ ചോർച്ച പരിഹരിക്കാൻ സാങ്കേതിക കമ്മിറ്റി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിർദ്ദേശങ്ങൾ നൽകി. എസ്റ്റിമേറ്റ് തയ്യാറാക്കൽ, സെപ്റ്റിക് ടാങ്ക് രൂപകല്പന എന്നിവയുടെ സാങ്കേതികജ്ഞാനം സംശയനിഴലിലാണ്.
കരാർ കമ്പനിയുടെ സാമ്പത്തിക ഭദ്രത പരിശോധിച്ചില്ല.
കമ്പനിയിൽ നിന്ന് ബാങ്ക് ഗ്യാരന്റി വാങ്ങാത്തത് ദുരൂഹം.
നിർമ്മാണജോലികൾ പൂർത്തിയാകും മുൻപ് പണം നൽകി.
നിർമ്മാണസാമഗ്രികളുടെ ഗുണനിലവാരക്കുറവിൽ പരാതികൾ ധാരാളം ലഭിച്ചെങ്കിലും പരിശോധിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റിയില്ല.
കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താത്തത് ദുരൂഹം.
ആദ്യ കമ്പനി പിൻമാറും മുൻപ് തന്നെ മറ്റൊരു കമ്പനിയുമായി ധാരണയുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |