
കൊച്ചി: സംസ്ഥാന സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിക്ക് വേണ്ടി കേരള മാരിടൈം നിയമം ഭേദഗതി ചെയ്‌തതിൽ മത്സ്യബന്ധന മേഖലയിൽ കടുത്ത ആശങ്കയും പ്രതിഷേധവും. മത്സ്യബന്ധന സമൂഹവുമായും തൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മത്സ്യമേഖല.
തീരത്തുകൂടി കപ്പലുകളുടെ യാത്ര വർദ്ധിക്കുന്നത് യാനങ്ങളുടെ സഞ്ചാരത്തെയും മത്സ്യബന്ധനത്തെയും സാരമായി ബാധിക്കുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും തൊഴിലാളികൾ പറയുന്നു. കിഴക്ക് പടിഞ്ഞാറ് യാത്ര ചെയ്താണ് മത്സ്യയാനങ്ങൾ തൊഴിലെടുക്കുന്നത്. 18 ചെറുകിട തുറമുഖങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾ തെക്കുവടക്കായി തീരദേശത്തുകൂടി യാത്ര ചെയ്യും. ഇത് കൂട്ടിയിടികൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
എൻറിക്ക ലെക്സി -പ്രഭുദേവ സംഭവങ്ങൾക്ക് ശേഷം എട്ട് കപ്പലുകൾ ഇടിച്ച് വള്ളങ്ങളും ബോട്ടുകളും തകരുകയും തൊഴിലാളികൾ മരിക്കുകയും ചെയ്‌തിട്ടുണ്ട്. തീരദേശ കപ്പൽപ്പാതയും ചരക്കുനീക്കവും ഉപജീവനത്തിന് വെല്ലുവിളിയാകുമെന്ന് തൊഴിലാളികൾ പറയുന്നു.
കേന്ദ്ര പദ്ധതികളുടെ കേരള പതിപ്പാണ് സമുദ്ര മിഷനും കോറിഡോർ പദ്ധതികളുമെന്ന് തൊഴിലാളികൾ പറയുന്നു. തീരദേശത്തെ ലാൻഡ് ബാങ്ക്, പി.പി.പി പദ്ധതികളിലൂടെ സ്വകാര്യവത്കരണം എന്നിവ മത്സ്യബന്ധന സമൂഹത്തെ ആഴമേറിയ പ്രതിസന്ധിയിലേക്ക് വലിച്ചെറിയുമെന്നാണ് ആശങ്ക.
കേന്ദ്ര പദ്ധതികളിലും ആശങ്ക
കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി 2,000 കിലോമീറ്റർ തീരദേശ റോഡ്, 609 കൂറ്റൻ നിർമ്മിതികൾ, 12 കോസ്റ്റൽ സോൺ ഡെവലപ്മെന്റ് ഏരിയകൾ, 13 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകൾ, തുറമുഖ നഗരങ്ങൾ, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, കപ്പൽ നിർമ്മാണശാലകൾ, കപ്പൽ പൊളിശാലകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവയിൽ തീരുമാനമെടുത്തിട്ടില്ല.
മത്സ്യത്തൊഴിലാളികൾ 2 ലക്ഷം
മത്സ്യബന്ധന യാനങ്ങൾ 43,000
മത്സ്യബന്ധന സമൂഹത്തെ തകർച്ചയിലേക്ക് നയിക്കുന്നതും സ്വകാര്യവത്കരണത്തിന് വഴിതുറക്കുകയും ചെയ്യുന്നതാണ് നടപടികൾ. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സംഘടനകൾ തയ്യാറാകും.
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |