SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

കൊച്ചി മെട്രോ- വാഹന കരാറുകളിൽ പിഴവ്, ലേല വ്യവസ്ഥയിൽ ലംഘനം

kochi
കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകളിലും നിയമനങ്ങളിലും അടിമുടി ക്രമക്കേട് എന്ന് കണ്ടെത്തിയ ആഭ്യന്തര വിജിലൻസ് കെ.എം.ആർ.എല്ലിലെ വാഹന ലേലങ്ങളിലും ഉപയോഗങ്ങളിലും വരെ സമാനതകളില്ലാത്ത തരി​കി​ടകൾ കണ്ടെത്തി​. വാഹനങ്ങൾക്ക് കൃത്യമായ ലോഗ് ബുക്ക് സൂക്ഷിച്ചില്ല, ഉന്നത ഉദ്യോഗസ്ഥർ തോന്നിയതുപോലെ വാഹനങ്ങൾ ഉപയോഗിച്ചു, വ്യക്തിപരമായ ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഉന്നത പദവികളിൽ ഇരിക്കുന്നവർ സ്ഥിരമായി ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടി​ൽ സൂചനയുണ്ട്. ഒരേ ഉദ്യോഗസ്ഥൻ തന്നെ ഒന്നിലേറെ വാഹനങ്ങളുടെ ലോഗ് ബുക്കിൽ ഒപ്പിട്ടിട്ടുണ്ട്. നോട്ട് ബുക്കുകളിൽ അനാവശ്യ തിരുത്തലുകൾ വരുത്തിയതായും റിപ്പോർട്ട് പറയുന്നു.

ലേല വ്യവസ്ഥകൾ ലംഘിച്ചെന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിക്കുന്ന റിപ്പോർട്ടിൽ ലേല നടപടികൾ എങ്ങനെയാവണമെന്നും എത്രത്തോളം സുതാര്യമായിരിക്കണമെന്നുമുള്ള നി​ർദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലേലത്തുകയിലെ തിരുത്തൽ, ലേല പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്താതെയിരിക്കൽ എന്നിവ വിജിലൻസ് വിമർശനങ്ങൾ ഏറ്റുവാങ്ങി.

വിജിലൻസ് റിപ്പോർട്ട്‌

ചോർച്ചയിൽ അന്വേഷണം

കൊച്ചി മെട്രോയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് ചോർന്നതിൽ ഉടൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കും എന്നാണ് വിവരം. കെ.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മാത്രം എന്ന് കൃത്യമായി രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് മെട്രോ ഉദ്യോഗസ്ഥർ തന്നെ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

ഉദ്യോഗസ്ഥർക്കിടയിൽ ചേരിതിരിവ്

വിജിലൻസ് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ കെ.എം.ആർഎല്ലിലെ ഉദ്യോഗസ്ഥ തർക്കവും രൂക്ഷമായി. ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന ബന്ധു നിയമനങ്ങൾക്കും പക്ഷപാതത്തിനും എതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പരസ്യ പ്രതികരണത്തിന് ഒരുങ്ങുന്നു എന്നാണ് സൂചന. വിജിലൻസ് റിപ്പോർട്ടിൽ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും ക്രമക്കേടുകൾക്കും അഴിമതികൾക്കും ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി അന്വേഷണം പ്രഖ്യാപിക്കണമെന്നും ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL