കൊച്ചി: മുഖ്യമന്ത്രിയുടെ നെട്ടൂരിലെ കുടുംബവീടിന് സമീപം ബന്ധുവിന്റെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം നവഗാവോൺ കാലിയബോർ സ്വദേശികളായ സുഹൈൽ അലി (19), അൻസൽ അലി (30) എന്നിവരാണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്. വൈറ്റിലയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയതും ഇവരാണെന്ന് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന്റെ നെട്ടൂരിലെ കുടുംബവീടായ വടശേരിയ്ത്ത് തൊട്ടടുത്ത നങ്ങ്യാരത്ത് വീട്ടിലായിരുന്നു മോഷണം. കുടുംബനാഥയായ വയോധിക സമീപം മറ്റൊരു വീട്ടിലാണ് താമസം. മലേഷ്യയിൽ താമസിക്കുന്ന മക്കൾ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നതായി കണ്ടത്. നാല് ഗ്രാമുള്ള സ്വർണക്കമ്മൽ, വെള്ളി പാദസരം, അരഞ്ഞാണം, ടെലിവിഷൻ ഉൾപ്പെടെ കവർന്നു.ഈ മാസം ഒന്നിനും 10നുമിടെയായിരുന്നു മോഷണം. സുഹൈൽ അലിയുടെ വിരലടയാളം വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. സി.സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ അന്യസംസ്ഥാനക്കാരായ രണ്ട് യുവാക്കൾ രാത്രി നെട്ടൂർ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.
ഇതിനിടെയാണ് കഴിഞ്ഞ 29ന് രാത്രി വൈറ്റില ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതികൾ മോഷണം നടത്തിയത്. ശാസ്താവിന്റെ കോവിലിലും വഴിപാട് കൗണ്ടറിലുമുള്ള കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 2000 രൂപ കവർന്നു. മുരുകന്റെയും ഭഗവതിയുടെയും ശ്രീകോവിലിലുകളിലും മോഷണ ശ്രമം നടന്നു.
ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ നെട്ടൂർ മാർക്കറ്റ് ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. മരട് സി.ഐ എ.ബി വിബിൻ, പനങ്ങാട് എസ്.ഐ അനന്തു രമേശ്, നൈജിൽ പോൾ, പൊലീസ് ഉദ്യോഗസ്ഥർ അരുൺ രാജ്, എം. ശ്രീജിത്ത്, റെജീഷ് ഉപേന്ദ്രൻ, എം. ക്രിസ്റ്റഫർ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
അസമിലും മോഷണം നടത്തി
ഒന്നാംപ്രതി സുഹൈൽ അലി അസമിലെ കാലിയബോർ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ പ്രതിയാണ്. നെട്ടൂർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അസം യുവാവിന്റെ കാലിയബോറിലെ വീട്ടിലായിരുന്നു മോഷണം. ഈ കേസിൽ പ്രതിയുടെ വിരലടയാളം അസം പൊലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് അൻസൽ അലിക്കൊപ്പം കൊച്ചിയിലെത്തിയത്. സുഹൈലിന്റെ ബന്ധുക്കൾ ആലുവയിൽ താമസമുണ്ട്.
പ്രതികൾ സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല. വൈറ്റില മേൽപ്പാലത്തിന് അടിയിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമാണ് തങ്ങുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കിയിരുന്നു. ഇതിനിടെ മറ്റൊരു മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ വ്യാജ നമ്പരാണ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |