
കൊച്ചി: വീട്ടിലിരുന്ന് കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് വിലക്കിയതിന് മാതാപിതാക്കളെ മകൻ തേങ്ങാപ്പാര കൊണ്ട് തല്ലിച്ചതച്ചു. കുമ്പളം സ്വദേശികളായ 53കാരിയായ മാതാവിനും തടയാനെത്തിയ 60കാരനായ പിതാവിനുമാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. 27കാരനായ മകൻ ഒളിവിലാണ്. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി അമരാവതിയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് 78കാരിയായ മാതാവിനെ മകൻ ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെയാണിത്.
കണ്ണമാലിയിൽ വീട്ടിൽ ഭക്ഷണം പാചകം ചെയ്യാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയുടെ മൂക്കിന്റെ പാലം ഭർത്താവ് അടിച്ചൊടിച്ചു. 31കാരി ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ മാസം 30നായിരുന്നു സംഭവം. ഞായറാഴ്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മകൻ ഒളിവിൽ
മകൻ വീട്ടിലിരുന്ന കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് കണ്ട മാതാവ് അത് വിലക്കിയിരുന്നു. മാതാവിന്റെ വാക്കുകേട്ട് കൂട്ടുകാർ സ്ഥലംവിട്ടു. ഇതിന്റെ ദേഷ്യത്തിൽ മകൻ മാതാവിന് നേരെ തിരിയുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ മാതാവിനെ ക്രൂരമായി ചവിട്ടുകയും തുടർന്ന് തേങ്ങാപ്പാരയെടുത്ത് ദേഹമാസകലം തല്ലിച്ചതയ്ക്കുകയുമായിരുന്നു. മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവിനെയും ഇയാൾ പാര കൊണ്ട് തല്ലിവീഴ്ത്തി. ശേഷം പരിക്കേറ്റ മാതാപിതാക്കളെ ഉപേക്ഷിച്ച് മകൻ വീട്ടിൽ നിന്ന് കടന്നു.
വലതുകൈയ്ക്ക് സാരമായ ചതവും ചുണ്ടുപൊട്ടി ചോരയൊലിച്ച നിലയിലുമാണ് മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവിന്റെ ശരീരത്തിലാകെ മർദ്ദനമേറ്റ പാടുകളുണ്ട്. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരും വീട്ടിൽ വിശ്രമത്തിലാണ്. പരിക്കേറ്റ മാതാവ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഒളിവിലുള്ള മകനായി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ഭാര്യയ്ക്ക് നേരെ ആക്രമണം ഭക്ഷണം
പാചകം ചെയ്യാത്തതിനെ ചൊല്ലി
ഭർതൃമാതാവ് അടുക്കളയിലെ പാചക സാധനങ്ങൾ മാറ്റിവച്ചത് കാരണം പാചകം ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും കണ്ണമാലിയിലെ യുവതിയുടെ പരാതിയിൽ പറയുന്നു.
പ്രതി യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് തലയ്ക്കടിക്കുകയും നടുവിന് ചവിട്ടുകയും ചെയ്തു. തുടർന്ന് വാട്ടർ ബോട്ടിൽ കൊണ്ട് മുഖത്തടിച്ചതിനെത്തുടർന്നാണ് മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചത്.
ആക്രമണം കണ്ടുനിന്ന പ്രതിയുടെ മാതാവ്, യുവതിയെ വീണ്ടും മർദ്ദിക്കാൻ മകനെ പ്രേരിപ്പിച്ചതായും എഫ്.ഐ.ആറിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |