SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

വിനോദയാത്രയ്ക്കിടെ പരിക്ക്; കെ.എസ്.ആർ.ടി.സി ₹ 45,000 നഷ്ടപരിഹാരം നൽകണം

ksrtc

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രയ്ക്കിടെ ബസിൽ നിന്ന് വീണ് പരിക്കേറ്റ വയോധികന്റെ കുടുംബത്തിന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.

എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസിന്റെ പരാതിയിലാണ് ഉത്തരവ്.

2023 ഒക്ടോബർ 7ന് ഇടപ്പള്ളി വട്ടേക്കുന്നം റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച മലക്കപ്പാറ വിനോദയാത്രയ്ക്കിടെ അങ്കമാലിയിൽ നിന്ന് മറ്റ് യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് പരാതിക്കാരിയുടെ 73 വയസുള്ള ഭർത്താവിനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബസ് ബ്രേക്ക് ചെയ്തപ്പോൾ വീണ് ഇടത് കൈത്തണ്ടയിലെ എല്ലുപൊട്ടി. ശസ്ത്രക്രിയയും വേണ്ടിവന്നു. 52,343 രൂപ ചെലവായി. ബസിൽ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും വൈദ്യസഹായം ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

കെ.എസ്.ആർ.ടി.സി.യുടെ നടപടി സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ, മാനസിക ക്ലേശം, സാമ്പത്തിക നഷ്ടം, മറ്റ് അസൗകര്യങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തിൽ 5,000 രൂപയും 45 ദിവസത്തിനകം നൽകാനും ഉത്തരവായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL