
കൊച്ചി: നഗരത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാർക്ക് നേരെ കൈയേറ്റം. എളമക്കര, തോപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാർക്ക് പരിക്ക് സാരമുള്ളതല്ല. ഇരുകേസുകളിലും പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസ് 1
എളമക്കരയിൽ പരസ്യമായി പുകവലിക്കുന്നത് ചോദ്യം ചെയ്ത എസ്.ഐ പി. പ്രമോദിന് നേരെയാണ് ആക്രമണമുണ്ടായത്. ഇടപ്പള്ളി കുന്നുംപുറത്ത് വച്ച് കോട്‌പ നിയമപ്രകാരം പിഴ ഈടാക്കാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പട്രോളിംഗ് വാഹനത്തിലും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയും മർദ്ദനം തുടർന്ന പ്രതി എസ്.ഐയുടെ വിരൽ പിടിച്ചുതിരിക്കുകയും കൈക്കും നെഞ്ചിനും വയറിനും പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണൂർ ആലക്കോട് സ്വദേശി ആകാശ് അഭിലാഷാണ് (22) അറസ്റ്റിലായത്.
കേസ് 2
തോപ്പുംപടി ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് രണ്ടാമത്തെ സംഭവം. കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന എസ്.ഐ ആന്റണി ടെറൻസ്, സി.പി.ഒ ജോൺ ബോസ്കോ എന്നിവരെയാണ് പ്രതി യാതൊരു പ്രകോപനവുമില്ലാതെ ദേഹോപദ്രവമേൽപ്പിച്ചത്. തോപ്പുംപടി സി.ആർ.വി 5 പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ ചുളിക്കൽ സ്വദേശി ശുഹൈബ് (25) ആണ് പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |