SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.42 AM IST

എൽ.എസ്.ഡി സ്‌റ്റാമ്പ് കടത്ത്: മൂന്നുപേർ അറസ്‌റ്റിൽ

lsd2
പിടിച്ചെടുത്ത എൽ.എസ്.ഡി സ്‌റ്റാമ്പുകൾ

കൊച്ചി: ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുലക്ഷം രൂപ വിലമതിക്കുന്ന രാസലഹരിവസ്തുവായ എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത കേസിൽ മൂന്നുപേരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കൊച്ചി യൂണിറ്റ് അറസ്‌റ്റ് ചെയ്‌തു.

സ്റ്റാമ്പുകൾ കടത്തിക്കൊണ്ടുവന്ന എറണാകുളം വടുതല സ്വദേശി ജിതിൻ ജോസ്, ഗോവയിൽ താമസിക്കുന്ന തൃശൂർ വെങ്കിടങ്ങ് വലിയകത്ത് ഷംസുദ്ദീൻ ഖാദർ, ബംഗളൂരു ഇന്ദിരാനഗറിൽ താമസിക്കുന്ന വെങ്കിടങ്ങ് പുതിയവീട്ടിൽ അഫ്‌സൽ മുഹമ്മദലി എന്നിവരാണ് അറസ്‌റ്റിലായത്. 2.01 ഗ്രാം വീതം ഭാരമുള്ള 99 എൽ.എസ്.ഡി സ്‌റ്റാമ്പുകൾ പിടിച്ചെടുത്തു. കരിഞ്ചന്തയിൽ ഒരു സ്‌റ്റാമ്പിന് മൂവായിരം രൂപയ്ക്കാണ് വിൽക്കുന്നത്.

രാസലഹരി കേരളത്തിലെത്തിച്ച് വിൽക്കുന്ന സംഘാംഗങ്ങളാണ് ഇവരെന്ന് എൻ.സി.ബി അധികൃതർ അറിയിച്ചു.

കഴിഞ്ഞ 31ന് ജിതിൻ ജോസിനെയാണ് ആദ്യം പിടികൂടിയത്. ഗോവയിൽ ഷംസുദ്ദീൻ ഖാദർ, ബംഗളൂരുവിൽ അഫ്സൽ മുഹദലി എന്നിവരിൽ നിന്നാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ വാങ്ങിയതെന്ന് ജിതിൻ മൊഴി നൽകി. തുടർന്നാണ് ഇരുവരെയും താമസസ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികളുൾപ്പെട്ട ലഹരിമരുന്ന് വിപണനശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

എൽ.എസ്.ഡി

ലൈസർജിക് ആസിഡ് ഡൈഈതൈൽ അമൈഡ് എന്ന എൽ.എസ്.ഡി, ലൂസി എന്ന പേരിലും അറിയപ്പെടുന്നു. തപാൽ സ്‌റ്റാമ്പുകളുടെ രൂപത്തിലാണിവ. സ്റ്റാമ്പിലെ പശയുടെ ഭാഗത്ത് രാസലഹരി പതിച്ചിട്ടുണ്ടാകും. ഇത് നാക്കിൽ വച്ചാണ് ഉപയോഗിക്കുന്നത്. തലച്ചോറിൽ ഭ്രമം സൃഷ്‌ടിക്കുന്നതും ആരോഗ്യത്തിന് മാരകവുമാണ്. ഇവ വിൽക്കുന്നതും സൂക്ഷിക്കുന്നതും 20 വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LSD STAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL