SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.42 AM IST

യുവതിയെ കടന്നുപിടിച്ച് സ്ഥലംവിട്ടു; ടി ഷർട്ട് ചതിച്ചു, അറസ്റ്റിലായി

woman

കൊച്ചി: ഇടപ്പള്ളി പള്ളിക്ക് മുന്നിൽ പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച ശേഷം ബസിൽ കയറി സ്ഥലംവിട്ട യുവാവിനെ മണിക്കൂറുകൾക്കകം വലയിലാക്കി എളമക്കര പൊലീസ്. മഞ്ഞുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന കാക്കനാട് പാലച്ചുവട് സ്വദേശി വിനയ് എസ്. നായരാണ് (31) പിടിയിലായത്. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു സംഭവം.

രാവിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഈ സമയം എതിരെ വന്ന പ്രതി പെട്ടെന്ന് യുവതിയെ കടന്നുപിടിച്ച ശേഷം മുന്നോട്ട് നടന്നുപോവുകയായിരുന്നു. യുവതി പിന്നാലെ ചെന്ന് ഇയാളെ തടഞ്ഞുനിറുത്തി പൊലീസിന് വിവരമറിയിച്ചു. ആളുകൾ കൂടും മുമ്പേ പ്രതി ഓടി ബസിൽ കയറി സ്ഥലംവിട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തെ സി.സി ടിവി പരിശോധിച്ചെങ്കിലും യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല. പക്ഷേ ടി ഷർട്ടിലെ മലബാർ എന്ന എഴുത്ത് വ്യക്തമായി. സി.സി ടിവി ദൃശ്യത്തിൽ നിന്ന് ഇയാൾ കയറിപ്പോയ ബസ് പൊലീസ് കണ്ടെത്തി.

ഈ ബസിലെ സി.സി ടിവി പരിശോധിച്ചപ്പോൾ ഇയാൾ കളമശേരി ഭാഗത്ത് ഇറങ്ങുന്ന ദൃശ്യം കിട്ടി. ഒപ്പം ടി ഷർട്ടിലെ മുഴുവൻ പേരും. വിശദമായി പരിശോധിച്ചപ്പോഴാണ് പ്രതി ധരിച്ചിരുന്ന ടിഷർട്ട് കാക്കനാട് ഭാഗത്തുള്ള സ്വകാര്യ കമ്പനിയുടേതാണെന്ന് വ്യക്തമായത്. സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോൾ ഇയാൾ അവിടെ താത്കാലിക ഡ്രൈവറാണെന്ന് വ്യക്തമായി. പേരും മറ്റുവിവരങ്ങളും ലഭിച്ചു.

അത്യാവശ്യമായി ഒരു ഓട്ടമുണ്ടെന്ന് പറഞ്ഞ് കമ്പനി അധികൃതരെക്കൊണ്ട് യുവാവിനെ സ്ഥാപനത്തിലേക്ക് വരുത്തിക്കാനായിരുന്നു പൊലീസ് പദ്ധതി. എന്നാൽ വരാമെന്നേറ്റ പ്രതി എത്തിയില്ല. ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം പൊലീസ് ടവർ ലൊക്കേഷൻ പരിശോധിച്ച് കുന്നുംപുറം പാലത്തിൽ വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.15ഓടെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി, ഇയാൾ മുമ്പും സമാനമായ രീതിയിൽ സ്ത്രീകളെ കടന്നുപിടിച്ചിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL