
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കകൾക്കിടയിലും കേരളത്തിന്റെ തീരദേശത്തിന് പ്രതീക്ഷയായി കണ്ടൽക്കാടുകളുടെ പച്ചപ്പ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ വലിയ വർദ്ധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കണ്ടെത്തി. ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യാനോഗ്രഫി വിഭാഗം, സി.എം.എഫ്.ആർ.ഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് കേരളത്തിന് പ്രതീക്ഷ പകരുന്ന പഠനം അവതരിപ്പിച്ചത്.
അഞ്ച് പതിറ്റാണ്ടിനിടെ കേരളത്തിന് 90 ശതമാനത്തോളം കണ്ടൽക്കാടുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, 2017ലെയും 2024ലെയും ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് തീരദേശ ജില്ലകളിലെ കണ്ടൽക്കാടുകളുടെ വിസ്തൃതി വർദ്ധിക്കുന്നതായി സ്ഥിരീകരിച്ചതായി പഠനം പറയുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് നാലിടത്തെ കണ്ടൽക്കാടുകളെ കൂടി സംരക്ഷിത വനങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്ന നടപടികൾ ആരംഭിച്ചിരുന്നു. എറണാകുളം പുതുവൈപ്പ്, തൃശൂരിലെ വെൺമനാട്, കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ, കടലുണ്ടി, വള്ളിക്കുന്ന്, ഇരിങ്ങൽ, കണ്ണൂരിലെ എരിഞ്ഞോളി എന്നിവിടങ്ങളിലെ കണ്ടൽക്കാടുകളെയാണ് നിർദ്ദിഷ്ട റിസർവാക്കി വിജ്ഞാപനമിറക്കിയത്. സംരക്ഷിതവനമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയാണിത്.
1961ലെ കേരള വനനിയമ പ്രകാരമാണ് പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള കണ്ടൽക്കാടുകളും പുറമ്പോക്കുകളും റിസർവ് വനമായി പ്രഖ്യാപിക്കുന്നത്. നഗരവത്കരണവും കൈയേറ്റവും മുതൽ കാലാവസ്ഥ വ്യതിയാനം വരെ നാശത്തിന് കാരണമാണ്.
സംരക്ഷണ കവചം
1982നും 2023നും ഇടയിൽ ബംഗാൾ ഉൾക്കടലിൽ നൂറിലധികം സമുദ്ര ഉഷ്ണതരംഗങ്ങൾ ഉണ്ടായതായി ബംഗ്ലാദേശിലെ ഷഹ്ജലാൽ സർവകലാശാല സിമ്പോസിയത്തിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു. കടൽ ചൂടുപിടിച്ച് സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയരുമ്പോഴും അതിനെ ചെറുക്കാൻ കണ്ടൽക്കാടുകൾ കവചമൊരുക്കുന്നു എന്ന് പഠനം പറയുന്നു.
മത്സ്യങ്ങളുടെ പ്രജനനത്തിനും സുരക്ഷിതമായ വളർച്ചയ്ക്കും അത്യാവശ്യം ചുഴലിക്കാറ്റുകൾ, കടൽക്ഷോഭം എന്നിവയിൽ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്ന സ്വാഭാവിക കവചം
അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യുന്നതിൽ വലിയ പങ്ക്
38 ഇനം കണ്ടൽ
കേരളത്തിൽ 38 ഇനം കണ്ടലുകളുണ്ട്. അവയിൽ ഒരിനം മാത്രം എല്ലാ ജില്ലകളിലുമുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കൂടുതൽ കാണപ്പെടുന്നത്. തിരുവനന്തപുരത്ത് മൂന്നിനമുണ്ട്. ലോകത്താകെ 82 ഇനവും
സംരക്ഷിത കണ്ടൽക്കാട്
വലുത് കണ്ണൂരിൽ
(വിസ്തൃതി ഹെക്ടറിൽ)
• കണ്ണൂർ - 226 ഹെക്ടർ
• കാസർകോട് - 54.695 ഹെക്ടർ
• തൃശൂർ ഒരുമനയൂർ - 3.3853 (ഏറ്റവും ചെറുത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |