SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

 അറബിക്കടലിലെ 'ഹിറ്റ് ആൻഡ് റൺ' ബോട്ടിന് വലവിരിച്ച് കോസ്റ്റൽ പൊലീസ്‌

boat

കൊച്ചി: പുറങ്കടലിൽ ഉരുവിനെ ഇടിച്ചുതകർത്ത് എട്ട് ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കി കടന്ന അജ്ഞാത ബോട്ടിനായി വലവിരിച്ച് കൊച്ചി കോസ്റ്റൽ പൊലീസ്. ആദ്യം കേസ് അന്വേഷിച്ച കോഴിക്കോട് കോസ്റ്റൽ പൊലീസിന് ബോട്ടിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. അപകടം നടന്ന സ്ഥലം കൊച്ചി കോസ്റ്റൽ പൊലീസിന്റെ പരിധിയിലായതിനാൽ കേസ് ഇങ്ങോട്ട് മാറ്റി. കോസ്റ്റ് ഗാർഡിന്റെ റഡാർ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ബോട്ടിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോസ്റ്റ് ഗാർഡിന്റെ സഹായത്തിനായുള്ള നീക്കങ്ങളും ആരംഭിച്ചു.

കഴിഞ്ഞ മാസം 20ന് അർദ്ധരാത്രിയാണ് അപകടം. കോഴിക്കോട് ബേപ്പൂർ തുറമുഖത്തുനിന്ന് 170 ടൺ ചരക്കുമായി ലക്ഷദ്വീപിലെ കവരത്തിയിലേക്ക് പോയ 'എം.എസ്.വി ജീസസ് ഹാർട്ട്' ഉരുവിനെയാണ് അജ്ഞാത ബോട്ട് ഇടിച്ചത്. തൂത്തുക്കുടി സ്വദേശിനി സുന്ദരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഉരു. ബേപ്പൂരിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെ പുറങ്കടലിൽ വലിയ മത്സ്യബന്ധന ബോട്ട് വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തകർന്ന ഉരു നിമിഷങ്ങൾക്കകം കടലിൽ താഴ്ന്നു. കെട്ടിട നിർമ്മാണ സാമഗ്രികൾ, ഫർണിച്ചറുകൾ, എയർകണ്ടീഷണറുകൾ, പെയിന്റുകൾ, കാർ, ബൈക്കുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ കടലിൽ മുങ്ങി.

ഉരുവിലുണ്ടായിരുന്ന സ്രാങ്ക് മൈക്കിൾ (56), സെൽടൺ (63), ഭാസ്‌ക്കരൻ (51), ഡൊമിനിക്ക് (60), കിഷൻ (23), ക്ലിപ്റ്റൺ (25), അയ്യപ്പൻ (36), സുസായി എഡിസൺ (70) എന്നീ എട്ട് ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടമുണ്ടാക്കിയ ബോട്ട് നിറുത്തി സഹായിക്കാൻ തയ്യാറാകാതെ കടന്നുകളഞ്ഞു. വി.എച്ച്.എഫ് റേഡിയോയിലൂടെ അയച്ച അപായ സന്ദേശം ശ്രദ്ധയിൽപ്പെട്ട 'റസ്‌കോ 4' എന്ന ടഗ്ഗാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഉരുവിലുണ്ടായിരുന്ന ചെറിയ വള്ളത്തിൽ എട്ടുപേരും കയറിയത് സഹായകമായി. കോസ്റ്റ് ഗാർഡ് ഇവരെ ബേപ്പൂർ തുറമുഖത്ത് എത്തിച്ചു.

 ഉരു @1990
1990ൽ നീറ്റിൽ ഇറക്കിയ ഉരുവാണ് അപകടത്തിൽപ്പെട്ടത്. മാസത്തിൽ മൂന്ന് തവണ കവരത്തിയിലേക്ക് സർവീസ് നടത്തിയിരുന്നു. ലക്ഷദ്വീപിൽ കെട്ടിടനിർമ്മാണ സാമഗ്രികളടക്കം ഇത്തരം ഉരുവിലാണ് എത്തിക്കുന്നത്. രാത്രി നാവിഗേഷൻ ലൈറ്റ് ഇടാതെ എത്തിയ ബോട്ട് ഇടിച്ച് ഉരുവിന്റെ മുൻഭാഗമാണ് ആദ്യം തകർന്നത്. ഇതിലൂടെ വെള്ളം ഇരച്ചുകയറി. ഉരു വീണ്ടെടുക്കാൻ സാദ്ധ്യതയില്ല. ഒന്നരക്കോടി രൂപയിലധികം രൂപയുടെ നഷ്ടമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL