
കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിടും മുമ്പേ, ഹൈക്കോടതി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. എറണാകുളം ട്രാഫിക് വെസ്റ്റ് സ്റ്റേഷനിലെ സി.പി.ഒ പറവൂർ കെടാമംഗലം സ്വദേശി എം.എസ്. ശ്രീദത്താണ് (39) തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇടതുകാൽ മുട്ടിന് പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐ.ടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിലാണ് ഹൈക്കോടതി സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. ബസ് ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ലെന്നും ആളുകളുടെ കാലന്മാരാകുകയാണെന്നുമായിരുന്നു ഹൈക്കോടതി വിമർശിച്ചത്.
അമിതവേഗത്തിലെത്തിയ
'മഹാത്മ' കസ്റ്റഡിയിലായി
ശനിയാഴ്ച രാത്രി 7.25ഓടെയായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിയുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനിടെ കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന 'മഹാത്മ' ബസാണ് ഇടിച്ചത്. ബസ് അമിതവേഗത്തിൽ വരുന്നത് കണ്ട് ശ്രീദത്ത് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും ബസിന്റെ വലതുവശം തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശ്രീദത്തിന്റെ ഇടത് കാൽമുട്ടിന് ചതവും പരിക്കുമേറ്റു. സംഭവത്തിൽ ബസ് ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെതിരെ കേസെടുത്തു. ഡ്രൈവറെയും ബസും എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |