SignIn
Kerala Kaumudi Online
Friday, 11 September 2026 6.24 PM IST

സ്വാഗതം 2023

1

ഫോർട്ടുകൊച്ചി: ആയിരങ്ങളെ സാക്ഷിയാക്കി ആഹ്ലാദരവങ്ങളോടെ ഫോർട്ടുകൊച്ചി പുതുവർഷ പുലരിയെ വരവേറ്റു. രാത്രി പന്ത്രണ്ടിന് തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകളിൽ നിന്ന് സൈറൻ മുഴങ്ങി. പരേഡ് മൈതാനിയിൽ സ്ഥാപിച്ച പോയ കാലത്തിന്റെ പ്രതീകമായ കൂറ്റൻ പപ്പാഞ്ഞിക്ക് തീ കൊളുത്തിയതോടെ തിങ്ങിനിറഞ്ഞ പുരുഷാരം ആർപ്പുവിളികളോടെ പുതുവർഷത്തെ വരവേറ്റു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് പ്രധാന പുതുവത്സരാഘോഷ കേന്ദ്രങ്ങളിലൊന്നായ ഫോർട്ടുകൊച്ചിയിലേക്ക് ഇന്നലെ രാവിലെ മുതൽ ഒഴുകിയെത്തിയത്. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ ശനിയാഴ്ച തന്നെ ഹോംസ്റ്റേകളിലും മറ്റും ഇടംപിടിച്ചിരുന്നു. ഫോർട്ടുകൊച്ചിയുടെ തെരുവോരങ്ങൾ ഇന്നലെ ആട്ടും പാട്ടുമായി ആഘോഷ ലഹരിയിലായിരുന്നു. തെരുവുകളിൽ സ്ഥാപിച്ച കുഞ്ഞു പപ്പാഞ്ഞികൾ ഇത്തവണ ശ്രദ്ധയാകർഷിച്ചു. ഇവയും പുതുവർഷം പിറന്നയുടൻ അഗ്നിക്കിരയാക്കി.

പാപ്പയുടെ വേഷമണിഞ്ഞ് നടക്കുന്ന യുവാക്കളെ എങ്ങും കാണാമായിരുന്നു. തെരുവുകളെല്ലാം പ്രകാശ പൂരിതമായിരുന്നു. കവലകളിലും ചെറിയ മൈതാനങ്ങളിലും വിവിധ ക്ലബ്ബുകളടേയും റെസിഡന്റസ് അസോസിയേഷനുകളടേയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ഒരുക്കി. നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഫോർട്ടുകൊച്ചിയിലെ ആഘോഷത്തിൽ പങ്കാളികളായത്. വി ആർ വൺ മ്യൂസിക് ഷോയും ജനത്തിന് ആവേശമേകി. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്‌സി, കെ.ബാബു, ടി.ജെ. വിനോദ്, ആർ.ഡി.ഒ. പത്മചന്ദ്ര കുറുപ്പ്, കാർണിവൽ കമ്മിറ്റി ഭാരവാഹികൾ, മുൻ മേയർ കെ.ജെ. സോഹൻ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.

പള്ളുരുത്തി മെഗാ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലെ ആഘോഷ പരിപാടികളിൽ പങ്കാളികളാകാൻ അർജുനൻ മാസ്റ്റർ മൈതാനിയിൽ ആയിരങ്ങൾ എത്തി. ഇവിടെ സ്ഥാപിച്ച പപ്പാഞ്ഞിക്ക് പുലർച്ചെ പന്ത്രണ്ടോടെ തീ കൊളുത്തി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക സമ്മേളനവും അർജുന ഗാനോത്സവവും നടക്കും.

കാർണിവൽ റാലി ഇന്ന്

പുതുവത്സരാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് കൊച്ചിൻ കാർണിവൽ റാലി ഇന്ന് വൈകിട്ട് നാലിന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നാരംഭിക്കും. നിശ്ചലദൃശ്യങ്ങളും പ്രച്ഛന്ന വേഷധാരികളും അണിനിരക്കും. കലാരൂപങ്ങൾ റാലിക്ക് മാറ്റേകും. പരേഡ് മൈതാനിയിൽ റാലി സമാപിച്ച ശേഷം പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NEWYEAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL