
കൊച്ചി: തിങ്കളാഴ്ച പുലർച്ചെ വൈറ്റില കണിയാമ്പുഴ പാലത്തിന് സമീപം 1.245 കിലോ കഞ്ചാവുമായി പിടിയിലായ പശ്ചിമബംഗാൾ ഡാർജിലിംഗ് സ്വദേശി ബിക്കി ഠാക്കൂർ (35) 'ചെറിയ മീന'ല്ലെന്ന് എക്സൈസ്. ചുരുങ്ങിയത് 4 കിലോ കഞ്ചാവാണ് വിതരണം ചെയ്യുന്നത്. മുടിവെട്ട് ജോലിക്ക് കൊച്ചിയിലെത്തിയ ബിക്കി ലഹരി വിതരണം തുടങ്ങിയ ശേഷം തിരിഞ്ഞു നോക്കിയിട്ടേയില്ല. മുമ്പ് പാലാരിവട്ടം പൊലീസ് 250 ഗ്രാം കഞ്ചാവുമായി കസ്റ്റഡിയിലെടുത്തപ്പോൾ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതൊഴികെ കാര്യമായ കേസുകൾ ഇല്ലെങ്കിലും നാളുകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സാണ് കണിയാമ്പുഴ പാലത്തിന് സമീപം പുലർച്ചെ ഒന്നരയോടെ ബിക്കിയെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് സംശയാസ്പദമായ നിലയിൽ കണ്ടെത്തുന്നതും അറസ്റ്റിലാകുന്നതും. പ്രിവന്റീവ് ഓഫീസർ സി.ടി സുനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.എം. സെയ്ദ്, അബ്ദുൾ സനദ്, സിവിൽ എക്‌സൈസ് ഓഫീസ് ഡ്രൈവ ശിഹാബുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരി ശൃംഖലയുടെ ഇടനിലക്കാരൻ
വളരെ സേഫായാണ് ബിക്കിയുടെ ഇടപാടുകൾ. അന്യസംസ്ഥാനങ്ങളിൽ പോയി നേരിട്ട് കഞ്ചാവ് വാങ്ങാതെ ജില്ലയിലെ പ്രധാന ഇടപാടുകാരുമായിട്ടാണ് ഡീൽ. വലിയ തോതിൽ കൈവശം വെയ്ക്കുന്ന പതിവുമില്ല. പ്രധാന കച്ചവടക്കാരിൽ നിന്ന് ഒരു കിലോ, രണ്ട് കിലോ എന്നിങ്ങനെയാണ് വാങ്ങുന്നത്. താഴേത്തട്ടിലെ വിതരണക്കാർക്ക് അര കിലോ മുതൽ 250 ഗ്രാം വരെ അളവിൽ കൈമാറും.
ബിക്കിയിൽ നിന്ന് വാങ്ങുന്ന ഇടനിക്കാർ 10 ഗ്രാമിന്റെ ചെറുപൊതികളാക്കി വീണ്ടും താഴേത്തട്ടിൽ വിൽക്കും. കൊച്ചിയിലും പരിസരത്തും ഇങ്ങനെ വലിയൊരു വിതരണ ശൃംഖല തന്നെ ബിക്കി കെട്ടിപ്പടുത്തിട്ടുണ്ട്. യുവാക്കളുടെ നീണ്ട നിര തന്നെ പ്രതിയുടെ വിതരണ ശൃംഖലയിലുണ്ട്. ഇവരെല്ലാം മലയാളികളാണെന്ന് എക്സൈസ് സ്ഥിരീകരിച്ചു. ഇയാൾക്ക് കഞ്ചാവ് നൽകുന്നവരെ കുറിച്ചും വാങ്ങുന്നവരെ കുറിച്ചും വിശദമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |