തൊടുപുഴ: ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറംകുടി റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. കോട്ടക്കവല ഫോറസ്റ്റ് ഓഫീസ് മുതൽ കൈതപ്പാറവരെയുള്ള ഭാഗത്തെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. പത്ത്സെന്റീമീറ്റർ കനത്തിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിൽ അനുമതി ലഭിച്ചിട്ടുള്ള 3.75 മീറ്റർ വീതിയിലാണ് പണി പുരോഗമിക്കുന്നത്. കോൺക്രീറ്റ് നടത്തി സിമന്റിട്ട് റോഡ് ലെവൽ ചെയ്യുന്നതോടെ പണി പൂർത്തിയാകും. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും കാലാവസ്ഥപ്രതികൂലമായാൽ പണി നീളാനും സാദ്ധ്യതയുണ്ട്. മുമ്പ് നിർമ്മാണത്തിന്റെ ഭാഗമായുള്ള മെറ്റൽ അടക്കമുള്ള നിർമ്മാണസാമഗ്രികൾ സൂക്ഷിക്കാനുണ്ടായിരുന്ന തടസം ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ വനംമന്ത്രിയുമായി നടത്തിയ ചർച്ചയിൽ നീങ്ങിയതോടെയാണ് മാസങ്ങളായി മുടങ്ങിക്കിടന്നിരിന്ന നിർമ്മാണ പ്രവർത്തികൾ പുനരാംരംഭിച്ചിരിക്കുന്നത്. നിലവിൽ ഒരു മണ്ണുമാന്തിയന്ത്രവും റോഡ് റോളറുമാണ് പണിനടത്തുന്നത്. കഴിഞ്ഞ വർഷം അവസാനം കോട്ടക്കവലയിലെ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കൈതപ്പാറവരെയുള്ള ഭാഗത്തെ നിർമ്മാണം ആരംഭിച്ചതാണെങ്കിലും റോഡ് മണ്ണിട്ട് നികത്തിയതല്ലാതെ കോൺക്രീറ്റ് വർക്ക് ആരംഭിക്കാനായില്ല. നിരപ്പാക്കിയ ഭാഗത്തെ മണ്ണ് വേനൽമഴയിൽ കുത്തിയൊലിക്കാനും തുടങ്ങിയിരുന്നു.
നിർമ്മാണം പി.എം.ജി.എസ്.വൈ: ഫേസ് - 3 പദ്ധതി പ്രകാരം
പി.എം.ജി.എസ്.വൈ: ഫേസ് - 3 പദ്ധതി പ്രകാരം നടത്തുന്ന നിർമ്മാണം പൂർണമായും വനംവകുപ്പ് പി.എംജി.എസ്.വൈയ്ക്ക് വിട്ട് നൽകിയിരിക്കുകയാണ്. മണിയാറൻകുടിയിൽ നിന്നും 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 14.82 കോടിയാണ് അനുവദിച്ചിട്ടുള്ളത്. നിർമ്മാണം പൂർത്തിയാക്കിയാൽ രാത്രികാല യാത്രാ നിരോധനം, 500 മീറ്റർ ഇടവിട്ട് റോഡിൽ ഹബ്ബ്, സിംഗിൾ ലൈൻ ട്രാഫിക് അടക്കമുള്ള കാര്യങ്ങൾ വിശദ പഠനത്തിനും ശേഷം വനംവകുപ്പ് നടപ്പിലാക്കും. സഞ്ചാര യോഗ്യമായ റോഡിനായി കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായതാണ്. പാത തെളിക്കുന്നതിന് എതിരായി വനംവകുപ്പ് നിസാര കാര്യങ്ങൾ പറഞ്ഞു പലപ്പോഴും തടസം നിന്നതും പ്രതിസന്ധിയായിരുന്നു. പുതിയ സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നതിനാൽ റോഡ് പണി ഉടൻ പൂർത്തിയാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |