SignIn
Kerala Kaumudi Online
Saturday, 18 July 2026 1.59 AM IST

അടിമാലി നാലുവരിപ്പാത: നാലാമത് മീഡിയൻ ക്രോസിംഗ് അനുവദിക്കാൻ തീരുമാനം ,​ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കും

mp
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ (എൻ.എച്ച്- 85) അടിമാലി ടൗണിലെ നാലുവരി പാത വികസനം ചർച്ച ചെയ്യാൻ ഡീൻ കുര്യാക്കോസ് എം.പിയുടെ അദ്ധ്യക്ഷതയിൽ അടിമാലി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാത (എൻ.എച്ച് 85) വികസനത്തിന്റെ ഭാഗമായി അടിമാലി ടൗണിൽ നിർമ്മിക്കുന്ന നാലുവരിപ്പാതയിലെ ആശങ്കകൾ പരിഹരിക്കാൻ ജനപ്രതിനിധികളും വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാനുമായി കാംകോ ജംഗ്ഷനിൽ നാലാമത് മീഡിയൻ ക്രോസിംഗ് (ഡിവൈഡർ ഓപ്പണിംഗ്) അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി. അടിമാലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം.പി. ഡീൻ കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

അടിമാലി ടൗണിൽ അമ്പലപ്പടി മുതൽ സർക്കാർ ഹൈസ്‌കൂൾ വരെയുള്ള ഭാഗമാണ് 160 കോടി രൂപ ചെലവിൽ നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നത്. മുമ്പ് തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം, ബസ് സ്റ്റാൻഡിൽ നിന്ന് വാഹനങ്ങൾ ഇറങ്ങുന്ന ഭാഗം, സെൻട്രൽ ജംഗ്ഷൻ എന്നിങ്ങനെ മൂന്നിടങ്ങളിൽ മാത്രമായിരുന്നു ഡിവൈഡർ ഓപ്പണിംഗുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ടൗണിൽ ബ്ലോക്കുണ്ടാകുമ്പോൾ ബൈപ്പാസ് റോഡുകളിലേക്ക് വാഹനങ്ങൾക്ക് തിരിഞ്ഞു പോകാൻ കാംകോ ജംഗ്ഷനിൽ കൂടി ഓപ്പണിംഗ് വേണമെന്ന വ്യാപാരികളുടെ ശക്തമായ ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു. എ. രാജ എം.എൽ.എ, നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, സെക്രട്ടറി നന്ദകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും ദേശീയപാത സംരക്ഷണ സമിതി ചെയർമാനുമായ പി.എം. ബേബി എന്നിവർ പങ്കെടുത്തു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചില്ലെങ്കിലും വ്യാപാരികളുടെ പ്രധാന കാര്യങ്ങൾ പരിഗണിച്ചതിൽ സംതൃപ്തിയുണ്ടെന്ന് പി.എം. ബേബി അറിയിച്ചു.

മറ്റ് പ്രധാന തീരുമാനങ്ങൾ
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ടൗണിൽ ആകാശ നടപ്പാത നിർമ്മിക്കണമെന്ന ആവശ്യം റീജിയണൽ ഓഫീസറുടെ അനുമതിയോടെ നടപ്പിലാക്കുന്നത് പരിശോധിക്കുമെന്ന് എം.പി അറിയിച്ചു.

കാൽനടക്കാർക്കായുള്ള നടപ്പാത പൂർണ്ണമായി കൈവരികൾ വെച്ച് കെട്ടിയടയ്ക്കില്ല. കച്ചവടത്തിന് തടസമുണ്ടാകുന്ന ഭാഗങ്ങൾ ഒഴിവാക്കി, ആവശ്യമായ സ്ഥലങ്ങളിൽ മാത്രം കൈവരികൾ സ്ഥാപിക്കും. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഒരിടത്ത് പ്രത്യേക നടപ്പാതയും ഒരുക്കും.

കടകളിലേക്ക് വാഹനങ്ങൾ കയറാനുള്ള സൗകര്യം, പാർക്കിംഗ് സ്ഥലം എന്നിവയുടെ സാദ്ധ്യതകൾ പരിഗണിക്കും. റോഡിന് ഇരുവശങ്ങളിലും മികച്ച രീതിയിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL