SignIn
Kerala Kaumudi Online
Friday, 18 September 2026 4.48 PM IST

മലയിഞ്ചിയിൽ വീണ്ടും കാട്ടാനയിറങ്ങി  വ്യാപകമായി കൃഷി നശിപ്പിച്ചു

elephant

ഉടുമ്പന്നൂർ: മലയിഞ്ചിയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങളിൽ വ്യാപകനാശനഷ്ടം വിതച്ചു. തെങ്ങ്, കമുങ്ങ്, വാഴ അടക്കം വിളവെടുപ്പിന്പാകമായ നിരവധി കാർഷികവിളകൾ നശിപ്പിച്ചു. പ്രദേശവാസികളായ കാളകുത്തി ചന്ദ്രൻ, സത്യചന്ദ്രൻ, ജോയി പറയന്നിലം എന്നിവരുടെ പറമ്പിലെ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ഇതോടെ പ്രദേശത്ത് ഫെൻസിംഗ് സ്ഥാപിക്കുമെന്ന ഉറപ്പ് വനംവകുപ്പ് പാലിക്കണമെന്ന ആവശ്യം ശക്തമായി. മുമ്പും കാട്ടാനയിറങ്ങിയപ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി സോളാർഫെൻസിംഗ് സ്ഥാപിക്കുമെന്ന് തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസറും വേളൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധനടപടിയും സ്വീകരിച്ചിട്ടില്ല. കാട്ടാനശല്യത്തിന് അറുതിവരുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.

 ശല്യം രൂക്ഷമാകുന്നു

മഴ കുറ‍ഞ്ഞതോടെ വേളൂർ വനമേഖലയിൽ നിന്നാണ് പ്രദേശത്തേക്ക് കാട്ടാനക്കൂട്ടം വ്യാപകമായി എത്തുന്നത്. മുമ്പ് വേനൽക്കാലത്തുമാത്രമായിരുന്നു ആന ശല്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും കാട്ടാനയിറങ്ങുന്ന സാഹചര്യമാണ്. ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്ന ജന സമൂഹമായതിനാൽ ഉള്ളതെല്ലാം കാട്ടാന നശിപ്പിക്കുന്നതിനാൽ വലിയ പ്രതിസന്ധിയിലാണ്. ഉള്ള വരുമാനം വിളവെടുപ്പാകാറാകുമ്പോൾ കാട്ടാന നശിപ്പിക്കുന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കുടിയേറ്റ കാലഘട്ടങ്ങളിൽപ്പോലും പ്രദേശത്ത് കാട്ടാനശല്യം ഇല്ലാതിരുന്ന ചരിത്രമാണ് ഇവിടെയുള്ളത്. സമീപപ്രദേശങ്ങളായ വേളൂർ വനമേഖലയിൽ വർഷങ്ങളായി ആനയെത്താറുണ്ടെങ്കിലും മലയിഞ്ചിയിലേക്ക് കടന്നെത്താറില്ലായിരുന്നു. കഴി‌ഞ്ഞരണ്ടുവർഷമായാണ് ശല്യം വ്യാപകമാകാൻ തുടങ്ങിയത്. ഇതിനെതുടർന്ന് കഴിഞ്ഞ വർഷം വൻ ജനകീയ പ്രക്ഷോഭവും വനംവകുപ്പ് ഓഫീസ് മാർച്ചും നടന്നിരുന്നു.

'' ആനശല്യം നിയന്ത്രിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ വൈകിപ്പിച്ചാൽ വീണ്ടും ജനകീയ പ്രക്ഷോഭം ആരംഭിക്കും'' പി.ബി മനോജ്, വാർഡ് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL