മൂലമറ്റം: വർഷങ്ങൾക്ക് മുൻപ് ഏക്കറു കണക്കിന് നെൽപാടങ്ങൾ കൃഷി ചെയ്തിരുന്ന അറക്കുളം പഞ്ചായത്തിലെ കർഷകർ
വീണ്ടും നെൽകൃഷിയിലേക്ക് തിരിച്ചെത്തുന്നു. ചെലവേറി നഷ്ടമായതോടെ കൃഷി ഉപേക്ഷിച്ചവരാണ് വീണ്ടുമെത്തിയിരിക്കുന്നത്. കറുകപ്പിള്ളി കുളമാവ് പാടശേഖര സമിതി രൂപീകരിച്ച് ഏതാനും വർഷങ്ങളായി നെൽകർഷകർക്ക് പഞ്ചായത്തിൽ നിന്നും കൃഷിഭവനിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ നൽകി കൃഷി പ്രോത്സാഹിപ്പിച്ചു വരികയാണ്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നിലവിൽ കുളമാവിലും കോട്ടയം മുന്നിയിലും കറുകപള്ളിയിലും കൃഷി ചെയ്യുന്നുണ്ട്. പാടശേഖര സമിതി സംഘടിപ്പിച്ച ഞാറുനടീൽ കറുകപ്പിള്ളി എണ്ണക്കുറ്റിയാനിക്കൽ പാടത്ത് നടന്നു. അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് ഞാറ് നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ജോമോൻ മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.എ. വേലുക്കുട്ടൻ, കൃഷി വകുപ്പ് അസി. ഡയറക്ടർ എ.ഡി. സുജിതമോൾ, ഫാ. ജോർജ് ഞാറ്റുതോട്ടിയിൽ എന്നിവർ പ്രസംഗിച്ചു. പാടശേഖര സമിതി അംഗം എ. സുരേഷ്കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സജി അട്ടപ്പാട്ട് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ യുവ കർഷകൻ എവിൻ ജോയി മഞ്ഞക്കുന്നേൽ, മുതിർന്ന കർഷകൻ അഹമ്മദ് കുറുപ്പുകണ്ടത്തിൽ, കൃഷിയിടം ഒരുക്കൽ പതിറ്റാണ്ടുകളായി ചെയ്തു വരുന്ന മണി ആറ്റിശേരി, കുഞ്ഞപ്പൻ എലികണ്ടത്തിൽ എന്നിവരെ ആദരിച്ചു. ചെറിയാൻ കുഴിഞ്ഞാലി, അബ്ദുൽകരിം, അനിൽകുമാർ, ജോയി മഞ്ഞകുന്നേൽ, രവികോട്ടൂർ, മിനി, മണി, ലളിത, ഓമന, സുമതി, സെബാസ്റ്റ്യൻ കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |