
തളിപ്പറമ്പ്: പറശ്ശിനിക്കടവ് എം.വി.ആർ സ്നേക്ക് പാർക്കിലെ കാട്ടുപാമ്പിനത്തിൽപെട്ട കമലക്ക് പത്ത് കുഞ്ഞുങ്ങൾ. മോണ്ടെയ്ൻ ട്രിങ്കറ്റ് സ്‌നേക്ക് എന്ന ഇനത്തിൽപെട്ട കാട്ടുപാമ്പിന്റെ കുഞ്ഞുങ്ങൾക്ക് ഒരടിയോളമാണ് നീളമുള്ളത്.
ആഗസ്റ്റ് 30നാണ് പാമ്പ് മുട്ടകളിട്ടത്.എൺപതു ദിവസത്തിനു ശേഷമായിരുന്നു കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. കുഞ്ഞുങ്ങളെല്ലാം പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു. ആറു മുതൽ 12 മുട്ടകൾ വരെ ഇടുന്നവയാണ് കാട്ടുപാമ്പുകൾ. പരമാവധി നീളം 1.5 മീറ്റർ .മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വരാൻ കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും. മുട്ടയിടുന്ന ഇനമായതിനാൽ ഇവയെ ഓവോ വിവി പാരിറ്റി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
റെഡ് ബുക്കിലാണ്
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) റെഡ് ഡാറ്റ ബുക്കിൽ ഷെഡ്യൂൾ 3 പാർട്ട് ഒന്നിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.
തവിട്ടു നിറമുള്ള ഇവയുടെ ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വളയങ്ങൾ കാണാം. ശരീരത്തിൽ ഈ വളയങ്ങൾ കാണപെടുന്നത് കൊണ്ടു തന്നെ പലപ്പോഴും ഇവയെ വിഷപാമ്പായി തെറ്റിദ്ധരിക്കാറുണ്ട്. അപായ ഘട്ടങ്ങളിൽ ആക്രമണ സ്വഭാവം കാണിക്കാറുള്ള ഇവ ചുരുണ്ട് ശത്രുവിനെ തലയുയർത്തി ചാടിക്കടിക്കും. ഇരകളെ വരിഞ്ഞുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. എലികളാണ് പ്രധാന ആഹാരം.
ഇവർ പുത്തൻ അതിഥികൾ
2023 ജനുവരി മുതൽ നിരവധി പുതിയ അതിഥികൾ പാമ്പു വളർത്തുകേന്ദ്രത്തിലെ കുടുംബത്തിലേക്ക് എത്തിയിരുന്നു. 'കല്യാണി' എന്ന നീർക്കോലിയുടെ കുഞ്ഞുങ്ങൾ, റാൻ, ഇവ, നോവ എന്ന എമുക്കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്നീ അണലികളുടെ കുഞ്ഞുങ്ങൾ.'കാ ' എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ എന്നിവയെ കൂടി സന്ദർശകർക്ക് ഇനി മുതൽ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |