SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

കർക്കടകത്തിലും കത്തുന്ന ചൂട് പവർകട്ട്, വരൾച്ച ഭീഷണി

heat
വരൾച്ച

കണ്ണൂർ: കർക്കടകം പിറന്നിട്ടും ജില്ലയിൽ കാലവർഷം കനക്കാത്തത് നാട്ടിൽ ഊർജ പ്രതിസന്ധിയും വരൾച്ചയും ഉണ്ടാക്കുമെന്ന് വിലയിരുത്തൽ. മഴയുടെ ലഭ്യത ഇനിയും കുറഞ്ഞാൽ അടുത്ത വേനൽക്കാലം കടുത്ത വരൾച്ചയായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

ജൂണിൽ ലഭിക്കേണ്ട മഴയിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസം പകുതി കഴിഞ്ഞിട്ടും സ്ഥിതി തുടരുകയാണ്. മഴ കുറഞ്ഞതോടെ ചൂട് വർദ്ധിച്ചുവെന്നാണ് വിലയിരുത്തൽ. ജൂണിലും ജൂലായിലും ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. വെള്ളച്ചാട്ടങ്ങളിലും ജലാശയങ്ങളിലും വെള്ളം കുറഞ്ഞത് മൺസൂൺ ടൂറിസത്തിന് തിരിച്ചടിയായി.

മഴയുടെ ലഭ്യത കുറഞ്ഞാൽ വൈദ്യുതി ഉത്പാദനത്തെയും ബാധിക്കും. ഇത് നാട്ടിൽ പവർ കട്ട് സ്ഥിരമാകും. ഊർജ പ്രതിസന്ധി രൂക്ഷമായാൽ നാട്ടിലെ വ്യവസായ മേഖലയെയടക്കം ബാധിക്കും.

മഴയുടെ ലഭ്യതക്കുറവ് വിവിധ മേഖലകളെയും പദ്ധതികളെയും ബാധിച്ചേക്കും. ഭൂഗർഭ ജലനിരപ്പ് ഉയരാത്തതിനാൽ ശുദ്ധജല പദ്ധതികൾക്കു തടസ്സമാകും. വെള്ളത്തിന്റെ ലഭ്യതക്കുറവ് നിർമാണമേഖലയെ ഇപ്പോൾതന്നെ ബാധിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ കാറ്റ് ദുർബലം

ജൂൺ, ജൂലായ് മാസങ്ങളിലും സജീവമാകേണ്ട പടിഞ്ഞാറൻ കാറ്റ് ദുർബലമായതാണ് ജില്ലയിലും വരണ്ട അന്തരീക്ഷത്തിനു കാരണമായത്. പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസമാണ് കാറ്റിനെ ദുർബലമാക്കുന്നത്.

3300-3500 മില്ലി മീറ്റർ മഴ

ജൂണിൽ 39 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഒരു വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്. ജൂലായ് മാസത്തിൽ മാത്രം ലഭിക്കേണ്ട മഴയിൽ 40 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷകരും, പരിസ്ഥിതി വിദദ്ധരും നൽകുന്ന വിശദീകരണം. മഴ കുറവായാൽ കനത്ത ചൂടിലേക്ക് വരെ എത്താനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ നൽകുന്നുണ്ട്.

കർഷകർക്കും ഭീഷണി

കാലവർഷം ദുർബലമായത് നാട്ടിലെ കർഷകരെയും പ്രതിസന്ധിയിലാക്കി. കാലാവസ്ഥ അധിഷ്ടിത വിളകൾ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് മഴയുടെ ലഭ്യതക്കുറവ് പ്രതിസന്ധിയുണ്ടാക്കിയത്. മഴക്കുറവ് കാരണം കാലാവസ്ഥ അധിഷ്ടിത വിളകളുടെ ഡിമാൻഡും കുറഞ്ഞു. അത്യാധുനിക വിത്തിനങ്ങൾക്ക് കാലാവസ്ഥയും അനുകൂലമാകേണ്ടതുണ്ടെന്നാണ് കർഷകർ പറയുന്നത്. മലയോര മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായത്. കുരുമുളക്, തെങ്ങ്, റബർ തുടങ്ങിയ നാണ്യവിളകളെ വരൾച്ചയും കീടബാധയും ബാധിച്ചു. ചില പ്രദേശങ്ങളിൽ മണ്ണ് വരണ്ടുണങ്ങിയതോടെ കൃഷിയിറക്കാൻ കർഷകർക്ക് വെല്ലുവിളിയുണ്ടായി.

വരുംദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടില്ലെങ്കിൽ മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ചേക്കും ഡോ. കെ. മനോജ് (കണ്ണൂർ യൂണിവേഴ്‌സിറ്റി പരിസ്ഥിതി പഠന വകുപ്പ് മേധാവി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HEAT WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL