SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.21 AM IST

വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തി; മൂന്ന് പേർ അറസ്റ്റിൽ

1

കാസർകോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹനപരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കാസർകോട് ടൗൺ പൊലീസ് അറസ്റ്റുചെയ്തു. ബദിയഡുക്ക നെക്രാജെ നാരമ്പാടി സ്വദേശി മുഹമ്മദ് സഫ്‌വാൻ(32), അമീർ(18), കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിയായ മുഹമ്മദ് ഷമീൻ(20) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കൺട്രോൾ റൂം എസ്.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് സംഘം അക്രമം നടത്തിയത്. കറന്തക്കാട് ഭാഗത്ത് നിന്ന് ഒരു ബൈക്കിൽ എത്തിയ മൂന്ന് പേരെ പൊലീസ് പരിശോധനയ്ക്കായി തടഞ്ഞുനിർത്തി.ഹെൽമറ്റ് ധരിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ തട്ടിക്കയറിയ സംഘം സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. പൊലീസുകാരെ കൈയേറ്റം ചെയ്യുന്നത് കണ്ട് തടയാൻ ശ്രമിച്ച എ.ആർ.ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിന്റെ കഴുത്തിലേക്ക് പ്രതികളിൽ ഒരാൾ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ സന്ദീപിന്റെ വലതു കൈവെള്ളയിൽ ആഴത്തിലുള്ള മുറിവേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.

പരിക്കേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ നരഹത്യാശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL