പാനൂർ: സന്ധ്യ മയങ്ങിയാൽ പാനൂർ ബസ് സ്റ്റാൻഡിനിപ്പോഴും കൂരാക്കൂരിരുട്ടിൽ നിന്നും മോചനമില്ല. യാത്രക്കാരെയും ബസ് ജീവനക്കാരെയും ഇത് ഒരുപോലെ ദുരിതത്തിലാക്കുന്നു. ദിവസേന ഏകദേശം 70ഓളം ബസുകൾ സർവീസ് നടത്തുന്ന, ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റാൻഡിലാണ് മതിയായ വെളിച്ചമില്ലാത്തതിനാൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. പലതവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല.
ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പൂർണമായും പ്രവർത്തനക്ഷമമല്ല. നിരവധി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒരു ബൾബ് മാത്രമാണ് കത്തുന്നത്. ഇതുമൂലം ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗവും സന്ധ്യകഴിഞ്ഞാൽ കനത്ത ഇരുട്ടിലാണ്. യാത്രക്കാർ ബസിൽ കയറാനും ഇറങ്ങാനും ഇരുട്ടിൽ തപ്പണം. പ്രത്യേകിച്ച് സ്ത്രീകൾ, പ്രായമായവർ, കുട്ടികളുമായി യാത്ര ചെയ്യുന്നവർ എന്നിവരെല്ലാം ബുദ്ധിമുട്ടിലാകുന്നു.
രാത്രി 8 മണിക്ക് ശേഷം ബസ് സ്റ്റാൻഡിലേക്ക് സ്ഥിരം സർവീസ് ബസുകൾ കയറില്ല. സ്റ്റാൻഡിനുള്ളിൽ രാത്രി പാർക്ക് ചെയ്യുന്ന ബസുകൾ മാത്രമാണ് പ്രവേശിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതിനാൽ ബസ് സ്റ്റാൻഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളും രാത്രി 8 മണിയോടെ അടച്ചുപൂട്ടുകയാണ്. ഇതോടെ ബസ് സ്റ്റാൻഡ് പൂർണമായും വിജനവും അന്ധകാരത്തിലുമാകും. സാമൂഹ്യവിരുദ്ധ ശല്യത്തിനും ഇത് കാരണമാകുന്നുണ്ട്. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളും രാത്രിയിൽ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യാതെ സമീപത്തെ റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്യുകയാണ്. സ്റ്റാൻഡിനുള്ളിലെ വെളിച്ചക്കുറവും സുരക്ഷാഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഓട്ടോ തൊഴിലാളികൾ ഈ തീരുമാനമെടുത്തത്.
ബസുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമ്പോൾ സ്ഥിതി കൂടുതൽ ദയനീയമാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ടയർ മാറ്റൽ, കഴുകി വൃത്തിയാക്കൽ ഉൾപ്പെടെയുള്ള അത്യാവശ്യ ജോലികൾക്ക് പോലും മൊബൈൽ ഫോണോ ടോർച്ചോ ആശ്രയിക്കണം.
പേടിപ്പിക്കാൻ തെരുവുനായ്ക്കളും
ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവുനായകൾ യാത്രക്കാരിൽ ഭീതി ജനിപ്പിക്കുന്നതായി പരാതിയുണ്ട്. വൈകി എത്തുന്ന യാത്രക്കാർക്കും അവസാന ബസുകൾ കാത്തുനിൽക്കുന്നവർക്കും ഇത് ഭീതിജനകമാണ്. പാനൂർ ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കുതോടൊപ്പം അധിക എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും ബസ് ജീവനക്കാരും വ്യാപാരികളും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെടുന്നു.
സുരക്ഷ ഉറപ്പാക്കാൻ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കുക
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക
ബസുകൾ സ്റ്രാൻഡിൽ കയറുന്നത് ഉറപ്പാക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |