
കാസർകോട് : വൈദ്യുതി ബില്ലടയ്ക്കുന്നതിനായി കടം വാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് തടഞ്ഞുവെച്ച് ഫോട്ടോയും വീഡിയോയും പകർത്തി ഹണിട്രാപ്പിൻ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ. കുബണൂരിലെ റിസ്‌വാന (28), റിഭർത്താവ് ഹസൻ ആസിഫ് (33), ബന്ധുവും മൊഗ്രാൽ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെയാണ് ഇന്നലെ രാവിലെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
മുട്ടം-ബങ്കര സ്വദേശിയും വ്യാപാരിയുമായ 64കാരൻ ഖാദർ മുഹമ്മദ് സറാംഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ആഗസ്റ്റ് 16ന് രാത്രി 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.കേസെടുത്തതിന് പിന്നാലെ റിസ്‌വാന, മുഹമ്മദ് സിറാജ് ,മുഹമ്മദ് സിറാജ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ആകെ 40,200 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വ്യാപാരിയുടെ പരാതിയിലുള്ളത്.ഭാരതീയ ന്യായ സംഹിതയിലെ 126(2), 308(2), 310(1), 351(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്.ഐ. എസ്.അനൂപാണ് കേസ് അന്വേഷിക്കുന്നത്.
കടം വാങ്ങിയ പണത്തിനായി വിളിച്ചു
കിടപ്പറയിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തി
വൈദ്യുതി ബിൽ അടക്കാൻ നേരത്തെ കടം വാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് റിസ്‌വാനയാണ് വ്യാപാരിയെ കുബണൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ തന്നെ പ്രതികൾ ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്നാണ് വ്യാപാരിയുടെ പരാതിയിലുള്ളത്. തുടർന്ന് വിവിധ ഫോട്ടോകളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ, 1500 രൂപ, കാറിന്റെ താക്കോൽ എന്നിവയും പ്രതികൾ കൈക്കലാക്കിയെന്നാണ് പറയുന്നത്. കാറിൽനിന്ന് കേരള ബാങ്കിന്റെയും കേരള ഗ്രാമീൺ ബാങ്കിന്റെയും എ.ടി.എം. കാർഡുകളും 25,000 രൂപ വിലമതിക്കുന്ന സാംസംഗ് മൊബൈൽ ഫോണും എടുത്തു. ഭീഷണിപ്പെടുത്തി എ.ടി.എം പിൻ നമ്പർ കൈക്കലാക്കിയ പ്രതികൾ ഈ കാർഡ് ഉപയോഗിച്ച് 7200 രൂപ പിൻവലിച്ചു. മൂന്നാം പ്രതി പിറ്റേ ദിവസം 17ന് വൈകീട്ട് വ്യാപാരിയുടെ കടയിലെത്തി ഭീഷണിപ്പെടുത്തി 5,000 രൂപ കൂടി വാങ്ങി. ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസിൽ പരാതി നൽകാൻ തയ്യാറായത്. പ്രതികളുടെ ഭീഷണി ഭയന്നാണ് പൊലീസിനെ സമീപിക്കാൻ വൈകിയതെന്നും വ്യാപാരി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |