കണ്ണൂർ: അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കൊച്ചി സി.ബി.ഐ പ്രത്യേക കോടതി നവംബർ 12ന് വിധി പറയാനിരിക്കെ, പതിനാല് വർഷം പഴക്കമുള്ള കേസിന്റെ രാഷ്ട്രീയ അനുരണനങ്ങൾ വീണ്ടും ചർച്ചയാകുന്നു. സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും ഗൂഢാലോചനക്കുറ്റം നേരിടുന്ന കേസായതിനാൽ വിധി ജില്ലയിലെ സി.പി.എം, മുസ്ലിം ലീഗ് രാഷ്ട്രീയത്തെ നേരിട്ടു സ്പർശിക്കുന്നതാണ്.
മുസ്ലിം ലീഗ് വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനം അരിയിലെ പട്ടുവത്തിന് സമീപം തടഞ്ഞ് ആക്രമിച്ചതിന് മണിക്കൂറുകൾക്കകമായിരുന്നു സംഭവം. പ്രതികാരമായി ഷുക്കൂറിനെ ചെറുകുന്ന് കീഴറയിലെ വയലിൽ കൊണ്ടുപോയി വധിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന സക്കരിയക്കും കുത്തേറ്റു.
ജഡ്ജി പി. ശബരിനാഥ് മുമ്പാകെ വിധി പറയാനുള്ള നടപടിക്രമങ്ങൾ നവംബർ ഒമ്പതിന് ആരംഭിക്കും. ജയരാജൻ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്.
2025 മേയ് അഞ്ചിനാണ് വിചാരണ തുടങ്ങിയത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെ വിസ്തരിച്ചു. 33 പ്രതികളിൽ രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും പ്രതികളിലുണ്ട്.
ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കൾ പ്രതിസ്ഥാനത്തുള്ള കേസിൽ ഏത് വിധിയും രാഷ്ട്രീയമായി പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഷുക്കൂറിന്റെ ഉമ്മ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നടത്തിയ കേസിൽ, കുടുംബവും ലീഗ് അണികളും നീതി പ്രതീക്ഷിച്ചിരിക്കമ്പോൾ, ശിക്ഷയുണ്ടായാൽ അത് സി.പി.എമ്മിന് വലിയ തിരിച്ചടിയാകും.
ജയരാജന്റെ അറസ്റ്റും ഹർത്താലും
കേസിൽ കണ്ണൂരിനെ ഏറ്റവും ഉലച്ചത് 2012 ഓഗസ്റ്റിലെ സംഭവങ്ങളാണ്. ഓഗസ്റ്റ് ഒന്നിന് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ ചോദ്യം ചെയ്യലിനുശേഷം ജയരാജനെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ പ്രവർത്തകർ സർക്കിൾ ഓഫീസുകളിലേക്ക് മാർച്ച് നടത്തുകയും കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന് പലയിടത്തും പണിപ്പെടേണ്ടി വന്നു. പിറ്റേന്ന് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കണ്ണൂരിൽ വ്യാപക അക്രമവുമുണ്ടായി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, ഹർത്താൽ ദിനത്തിലെ വ്യാപക അക്രമവും പൊതുമുതൽ നഷ്ടവും ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം നാലാഴ്ച ജയിലിൽ കഴിഞ്ഞ ജയരാജൻ ഓഗസ്റ്റ് 28ന് ജാമ്യത്തിലിറങ്ങി. ഓഗസ്റ്റ് 14ന് രാജേഷ് കോടതിയിൽ കീഴടങ്ങി. ഓഗസ്റ്റ് 24ന് പൊലീസ് കുറ്റപത്രം നൽകി.
കോടതികൾ കയറിയിറങ്ങി വർഷങ്ങൾ
1. 2016 ഫെബ്രുവരിയിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
2. അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്‌തെങ്കിലും 2017 ഫെബ്രുവരിയിൽ അപ്പീൽ തള്ളി അന്വേഷണം തുടരാൻ നിർദേശിച്ചു.
3. 2019 ഫെബ്രുവരിയിൽ സി.ബി.ഐ അനുബന്ധ കുറ്റപത്രം നൽകി: ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും രാജേഷിനെതിരെ ഗൂഢാലോചനയും. വിചാരണ തലശ്ശേരിയിൽനിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി.
4. ഒഴിവാക്കണമെന്ന ജയരാജന്റെയും രാജേഷിന്റെയും ഹർജി 2024 സെപ്തംബർ 19ന് കോടതി തള്ളി. ഒക്ടോബർ 18ന് കുറ്റം ചുമത്തി.
5.ജയരാജനെയും രാജേഷിനെയും ആക്രമിച്ചെന്ന കേസിൽ പ്രതികളായ 12 ലീഗ് പ്രവർത്തകരെ 2021 ഒക്ടോബറിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |